എ.കെ.ജി. ഭവനില്‍നിന്ന് എസ്.ആര്‍.പി. എ.കെ.ജി. സെന്ററിലേക്ക്

എസ്. രാമചന്ദ്രന്‍പിള്ള | Photo - Mathrubhumi archives
എസ്. രാമചന്ദ്രന്‍പിള്ള | Photo - Mathrubhumi archives

കണ്ണൂര്‍: മൂന്നുപതിറ്റാണ്ടിനുശേഷം സി.പി.എം. പൊളിറ്റ്ബ്യൂറോയില്‍നിന്നും കേന്ദ്രകമ്മിറ്റിയില്‍നിന്നും ഒഴിവായി, ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനില്‍നിന്ന് പടിയിറങ്ങുന്ന എസ്. രാമചന്ദ്രന്‍പിള്ളയുടെ പ്രവര്‍ത്തനകേന്ദ്രം ഇനി തിരുവനന്തപുരത്തെ എ.കെ.ജി. സെന്റര്‍. എ.കെ.ജി. പഠനഗവേഷണകേന്ദ്രത്തിന്റെയോ ദേശാഭിമാനിയുടെയോ മുഖ്യചുമതലയായിരിക്കും ഇനിമുതല്‍ ഇദ്ദേഹം നിര്‍വഹിക്കുകയെന്നാണ് കരുതുന്നത്.

എസ്.ആര്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ 84-കാരന്‍, 1992-ല്‍ ചെന്നൈയില്‍നടന്ന പാര്‍ട്ടികോണ്‍ഗ്രസിലാണ് പി.ബി. അംഗമാവുന്നത്; സീതാറാം െയച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ക്കൊപ്പം. ഇ.എം.എസ്. ആയിരുന്നു അപ്പോള്‍ ജനറല്‍ സെക്രട്ടറി. പിന്നീട് ഹര്‍കിഷന്‍സിങ് സുര്‍ജിത്തും പ്രകാശ്കാരാട്ടും സീതാറാം യെച്ചൂരിയും ജനറല്‍ സെക്രട്ടറിയായപ്പോള്‍ എസ്.ആര്‍.പി. പൊളിറ്റ് ബ്യൂറോയിലെ പ്രധാനിയായി തുടര്‍ന്നു. കിസാന്‍സഭയുടെ ദേശീയപ്രസിഡന്റായിരുന്നു ഏറെക്കാലം.

പാര്‍ട്ടികമ്മിറ്റിയില്‍ തുടരുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 75 വയസ്സായി നിശ്ചയിച്ചിട്ടും പ്രത്യേകപരിഗണന നല്‍കി കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് എസ്.ആര്‍.പി.യെ പി.ബി.യില്‍ നിലനിര്‍ത്തി.

പാര്‍ലമെന്ററിസ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നോര്‍ത്ത്, പാര്‍ട്ടികേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ എസ്.ആര്‍.പി.ക്ക് വിമുഖതയുണ്ടായിരുന്നില്ല. വ്യാമോഹങ്ങളൊന്നുമില്ലാതെ എസ്.ആര്‍.പി. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടര്‍ന്നു. 12 വര്‍ഷക്കാലം രാജ്യസഭാംഗമായതൊഴിച്ചാല്‍ വേറെ പാര്‍ലമെന്റിപദവികളൊന്നും അദ്ദേഹം വഹിച്ചില്ല.

മൂന്നുപതിറ്റാണ്ടായി ഡല്‍ഹിയില്‍ എം.പി.മാരുടെ വാസസ്ഥലമായ വി.പി. ഹൗസില്‍ പാര്‍ട്ടി അനുവദിച്ച മുറിയിലാണ് എസ്.ആര്‍.പി.യുടെ താമസം. കായംകുളക്കാരനായ എസ്.ആര്‍.പി.ക്ക് അവിടെ വീടൊന്നുമില്ല. കുറച്ചുഭൂമിയുള്ളത് മക്കളുടെ പേരിലാണ്. തിരുവനന്തപുരം ആനയറയിലുള്ള മകള്‍ ബൃന്ദയുടെ വീട്ടിലാണ് എസ്.ആര്‍.പി. ഇനി താമസിക്കുകയെന്നാണ് അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങളില്‍നിന്നറിയുന്നത്. എസ്.ആര്‍.പി.യുടെ ഭാര്യ രത്‌നമ്മ മരിച്ചു. പത്രപ്രവര്‍ത്തകനായ മൂത്തമകന്‍ ബിപിന്‍ ചന്ദ്രന്‍ ഇപ്പോള്‍ മന്ത്രി വീണാജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. രണ്ടാമത്തെ മകന്‍ ബിജോയി ചന്ദ്രന്‍ വിദേശത്ത് ജോലിചെയ്യുന്നു.

Content Highlights: SRP CPM AKG centre AKG bhavan S Ramachandran Pillai