മന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാംവെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം:കൃഷി മന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൃഷി വകുപ്പ് ഡയരക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. നിയമസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിഷേധമുയർന്നത്. ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാധ്യമ പ്രവർത്തകർ നിലപാടെടുത്തു. ഒടുവിൽ ശ്രീറാം വാർത്താസമ്മേളനത്തിൽനിന്ന് പുറത്തേക്കിറങ്ങി. ഇതോടെ മന്ത്രിയുടെ വാർത്താസമ്മേളനം പുനരാരംഭിച്ചു.
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. 2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്, ജോലി കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുൻപിലായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചു. തുടക്കത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. 24 മണിക്കൂർ വരെ രക്തസാംപിൾ ശേഖരിക്കാതിരുന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു. ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മൊഴിയുണ്ടായിരുന്നു.