ഇന്ത്യയുടെ വളർച്ച ശ്രീലങ്കയ്ക്ക് നൽകുന്നത് വലിയ സാധ്യതകൾ -ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ | വീഡിയോ

റിച്ചാർഡ് നട്ടൽ കൊളംബോയിലെ ശ്രീലങ്കൻ എയർലൈൻസ് ഓഫീസിൽ | ചിത്രം: ശിഹാബുദ്ദീൻ തങ്ങൾ / മാതൃഭൂമി
റിച്ചാർഡ് നട്ടൽ കൊളംബോയിലെ ശ്രീലങ്കൻ എയർലൈൻസ് ഓഫീസിൽ | ചിത്രം: ശിഹാബുദ്ദീൻ തങ്ങൾ / മാതൃഭൂമി

കൊളംബോ: ഇന്ത്യയുടെ വളർച്ച ശ്രീലങ്കയ്ക്ക് നൽകുന്നത് വലിയ സാധ്യതകളാണെന്ന് ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ. റിച്ചാർഡ് നട്ടൽ. ശ്രീലങ്കൻ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത് സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടാക്കുമെന്നും നട്ടൽ പറഞ്ഞു. ഇന്ത്യയിൽ നിന്ന് കൊളംബോയിൽ എത്തിയ മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

ഇന്ത്യയിലേക്ക് ആഴ്ചയിൽ 100 സർവീസുകൾ നടത്തിയ ആദ്യ വിദേശ വിമാനക്കമ്പനിയാണ് ശ്രീലങ്കൻ എയർലൈൻസ്. ഇപ്പോൾ അ‌ത്രയും സർവീസുകൾ ഇല്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന്  റിച്ചാർഡ്  നട്ടൽ പറയുന്നു. 'ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഏവിയേഷൻ മാർക്കറ്റ് ഇന്ത്യയുടേതാണ്. അ‌ടുത്ത ആറ് വർഷത്തിൽ ഇന്ത്യയിലെ യാത്രികരുടെ എണ്ണം ഇരട്ടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌തിനടുത്ത ആറു വർഷത്തിൽ അ‌ത് വീണ്ടും ഇരട്ടിക്കും. ഇപ്പോൾ ആഭ്യന്തര യാത്രകളാണ് കൂടുതലെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വിദേശയാത്രകളും വർധിക്കും.'

'നിലവിൽ പ്രതിമാസം മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ യാത്രികരാണ് ഇന്ത്യയിൽ നിന്നെത്തുന്നത്. ഞങ്ങളുടെ നമ്പർ 1 ടൂറിസം മാർക്കറ്റ്. എന്നാൽ, ഇന്ത്യയുടെ നൂറിലൊന്ന് ജനസംഖ്യ പോലുമില്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുപോലും ഇങ്ങോട്ട് 12,000 സഞ്ചാരികളെത്തുന്നുണ്ട്. അ‌തിനാൽ ശ്രീലങ്കൻ ടൂറിസത്തിന് ഇന്ത്യയിൽ നിന്നുള്ള  സാധ്യതകൾ വലുതാണ്.' റിച്ചാർഡ് നട്ടൽ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് എളുപ്പത്തിൽ എത്താവുന്ന വലിയ വിനോദസഞ്ചാര സാധ്യതകളുള്ള രാജ്യമാണ് ശ്രീലങ്കയെന്നും അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യക്കാർക്ക് ചെറിയ അ‌വധികൾക്കും ആദ്യ വിദേശയാത്രയ്ക്കുമൊക്കെ അ‌നുയോജ്യമായ ഇടമാണിത്. സാംസ്കാരികമായി അ‌ടുത്തുനിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും. രാമായണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ശ്രീലങ്കയിലുണ്ട്. ബീച്ചുകളും സഫാരികളും കാസിനോകളും ഉൾപ്പെടെ ഏതുതരത്തിലുള്ള സഞ്ചാരിയെയും തൃപ്തിപ്പെടുത്താനുള്ള ഉപാധികൾ ഇവിടെയുണ്ട്.'

ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് ശ്രമമെന്നും പ്രധാന ഹബ്ബായ ചെന്നൈക്കൊപ്പം മുബൈയും ഡൽഹിയും ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുമെന്നും ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ. പറഞ്ഞു.

Content Highlights: India's growth offers great potential for Sri Lanka, says Srilankan Airlines CEO Richard Nuttall