കുഞ്ഞു മകൾ ചിതയ്ക്ക് തീകൊളുത്തി; മൊസാംബിക്കിൽ മരിച്ച ശ്രീരാഗിന് കണ്ണീരോടെ യാത്രാമൊഴി

ചവറ (കൊല്ലം): മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപമുണ്ടായ ബോട്ടപകടത്തിൽ മരിച്ച തേവലക്കര സ്വദേശി ശ്രീരാഗി(36)ന് കണ്ണീരോടെ നാട് വിടചൊല്ലി. മൊസാംബിക്കിൽനിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ശനിയാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിൽ കൊണ്ടുവന്നു. അവിടെനിന്ന് ചവറ തേവലക്കരയിലെ വീട്ടിലെത്തിച്ചു. ആറുവയസ്സുള്ള മകൾ അതിഥിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
നടുവിലക്കര ഗംഗാഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനായ ശ്രീരാഗ് ഇറ്റലി ആസ്ഥാനമായ സ്കോർപ്പിയോ ഷിപ്പിങ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പലിലെ ഇലക്‌ട്രോ ഓഫീസറായിരുന്നു. ഏഴുവർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്നുവർഷമായി. ആറുമാസം നാട്ടിലുണ്ടായിരുന്ന ശ്രീരാഗ്, കഴിഞ്ഞ 13-നാണ് മൊസാംബിക്കിലേക്ക് മടങ്ങിയത്.
17-ന് മൊസാംബിക്കടുത്ത് ബെയ്‌റ എന്ന സ്ഥലത്ത് തുറമുഖത്തിനരികിൽ നങ്കൂരമിട്ടിരുന്ന കപ്പലിലേക്കുപോയ, ഇന്ത്യക്കാരടക്കം 21-അംഗ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് ശ്രീരാഗ് മരിച്ചത്. 15 പേർ രക്ഷപ്പെട്ടിരുന്നു. തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. പിന്നീട് മൊസാംബിക്കിലെ മാരിടൈം റെസ്‌ക്യൂ കോഡിനേഷൻ (എംആർസിസി) നടത്തിയ തിരച്ചിലിലാണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ജിത്തു. മക്കൾ: അതിഥി (തേവലക്കര സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ വിദ്യാർഥി), നാലുമാസം പ്രായമുള്ള അനശ്വർ.
Content Highlights: Heartbreaking farewell for Sreerag (36) from Kollam, who died in a Mozambique boat accident. His six-year-old daughter Adithi lit the funeral pyre.