ഐതിഹ്യം ചരിത്രസത്യമായി അവതരിപ്പിക്കുന്നു,അന്ധവിശ്വാസങ്ങൾ സിലബസിൽ ചേർക്കുന്നത് ഗുരുനിന്ദ-മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന അസംബന്ധ പ്രവണതകൾക്കെതിരെയാണ് ഗുരുവിന്റെ വാക്കുകളും പ്രവർത്തികളും ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവദശകം, ദർശനമാല, ആത്മോപദേശ ശതകം തുടങ്ങിയ ഗുരുവിന്റെ കൃതികൾ ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളിൽ നിന്നാണ് പിറവിയെടുത്തത്. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുക എന്നതായിരുന്നു ഗുരുവിന്റെ സന്ദേശം.
ജാതിയുടെ കന്മതിലുകൾ തകർക്കാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. ബ്രാഹ്മണ്യത്തെയും നാടുവാഴിത്തത്തെയും വെല്ലുവിളിച്ചുകൊണ്ട് അടിച്ചമർത്തപ്പെട്ടവരുടെ വിപ്ലവത്തിനാണ് ഗുരു തുടക്കം കുറിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19 ാം നൂറ്റാണ്ടിന്റെ അവസാനം കേരള നവോത്ഥാനം ആരംഭിച്ചത്. ക്ഷത്രിയ ബ്രഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. അന്ന് ജാതി ഒരു നിയമ വ്യവസ്ഥ കൂടെയായിരുന്നു. ഓരോ ജാതികൾക്കും ഓരോ നിയമങ്ങൾ. സവർണ്ണൻ അവർണനെ തല്ലിക്കൊന്നാൽ ശിക്ഷയില്ല. മനുഷ്യൻ മനുഷ്യനെ അടിമയാക്കി ചൂഷണം ചെയ്തിരുന്ന വ്യവസ്ഥിതിയുടെ നട്ടെല്ലായിരുന്ന ബ്രാഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തകളുടെ ആയുധം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഇന്ത്യയുടെ ബഹുസ്വരത തകർക്കപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ചരിത്രത്തേയും സംസ്ക്കാരത്തേയും ദേശീയ തലത്തിൽ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഐതിഹ്യങ്ങളേയും കൽപ്പിത ഭാവനകളേയും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുകയാണ്. ഗുരുവിൻ്റെ പാതയിലൂടെയാണ് കേരളാ സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇതിന് ഉദാഹരണമാണ്. അധികാരം കൈയ്യിലുള്ളവർ അസംബന്ധം പഠിപ്പിച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ട് പോകുകയാണ്. ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ്. ഗുരുദേവദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Kerala CM criticizes adding superstitions to syllabus, calling it disrespect to Sree Narayana Guru`s teachings and a distortion of his philosophy. Learn more.