ഗുരുവിൽനിന്ന് നമ്മളെന്ത് പഠിച്ചെന്ന് സ്വയം ചോദിക്കണം- ഡോ. കെ.എസ്. രാധാകൃഷ്ണൻ

കോഴിക്കോട്: മലയാളിയെ കൂടുതൽ നല്ല മനുഷ്യരാക്കാൻ ശ്രീനാരായണ ഗുരു പരിശ്രമിച്ചെന്നും എന്നിട്ട് നമ്മളെന്ത് പഠിച്ചു എന്നത് സ്വയം ചോദിക്കണമെന്നും എഴുത്തുകാരൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“അദ്വൈത വേദാന്ത അനുഭൂതിക്ക് കാവ്യസ്വരൂപം നൽകിയ മഹാകവിയായിരുന്നു ശ്രീനാരായണ ഗുരു. ശങ്കരാചാര്യരും എഴുത്തച്ഛനും ശ്രീനാരായണ ഗുരുവും എഴുതിയതിൽ ദാർശനികതലം മാത്രമല്ല ഉണ്ടായിരുന്നത്. ലളിതമായ കാര്യങ്ങളാണ് അവർ ആഴത്തിലുള്ള രചനയിലൂടെ പറഞ്ഞത്. അദ്ദേഹം ജീവിതത്തെ നാടകമായി കണ്ടു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനാണ് ഗുരു പറഞ്ഞത്. എന്നാൽ, പ്രബുദ്ധി കടംകൊടുത്തു കഴിഞ്ഞു. നിന്റെ, എന്റെ എന്ന ഭാവം വന്നു. ആ സംഘർഷത്തെയാണ് ഗുരു നാടകമെന്ന് വിശേഷിപ്പിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
കെ. ജയന്ത് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. “മനുഷ്യരെല്ലാം ഒന്നാണെന്ന സത്യസന്ധമായ രാഷ്ട്രീയമാണ് ഗുരു പങ്കുവെച്ചത്. എന്നാൽ, ഇന്നും ജാതിമതചിന്തകളിൽ ലോകം മുഴുവൻ തളച്ചിടാനാണ് ശ്രമം. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് ചിന്തിച്ചാൽ 99 ശതമാനം പ്രശ്നങ്ങളും മാറും. എന്നാൽ, ഇപ്പോഴും മനുഷ്യമനസിലെ ഇരുട്ടുനീങ്ങുന്നില്ല. പലതരം പ്രതിസന്ധികൾ നേരിടുന്ന കാലത്ത് ഗുരുവിന്റെ ചിന്ത കാലഹരണപ്പെടുന്നില്ല. അത് എക്കാലവും പ്രസക്തമാണ്.” കെ. ജയന്ത് പറഞ്ഞു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ അധ്യക്ഷനായി. സമൂഹത്തിന്റെ സമഗ്രമായ വികാസമാണ് ഗുരു മുന്നോട്ടുവെക്കുന്നതെന്നും അതിലൂടെ സാമൂഹികവും ആത്മീയവുമായ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗ-പ്രബന്ധരചന മത്സരവിജയികൾക്ക് ട്രഷറർ കെ.വി. അരുൺ സമ്മാനം നൽകി. ക്ഷേത്രയോഗം ജനറൽ സെക്രട്ടറി സുരേഷ് ബാബു എടക്കോത്ത്, ഭരണസമിതി അംഗം എം. രാജൻ, ആഘോഷക്കമ്മറ്റി കൺവീനർ വിനയകുമാർ പുന്നത്ത് എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി കെ.വി. ഷിബുവിന്റെ കാർമികത്വത്തിൽ ഗുരുവിഹാരത്തിൽ സമൂഹപ്രാർഥനയും നടത്തി.