'മുഖ്യമന്ത്ര യുടെ പോല സ് മെഡന്‍'! അക്ഷരത്തെറ്റുകൾ നാണക്കേടായി; പോലീസ് മെഡലുകള്‍ തിരിച്ചുവിളിച്ച് DGP

1. മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മെഡൽ വിതരണം ചെയ്യുന്നു, 2. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിലെ അക്ഷരത്തെറ്റുകൾ | Photos: 1. Screen grab / facebook.com/keralapolice, 2. Mathrubhumi
1. മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മെഡൽ വിതരണം ചെയ്യുന്നു, 2. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിലെ അക്ഷരത്തെറ്റുകൾ | Photos: 1. Screen grab / facebook.com/keralapolice, 2. Mathrubhumi

തിരുവനന്തപുരം: കഴിഞ്ഞദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍. ഭാഷാദിനവും കേരളപ്പിറവി ദിനവുമായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത പോലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേടായിരിക്കുന്നത്. അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പോലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്. 

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് രേഖപ്പെടുത്തിയത്. പോലീസ് മെഡല്‍ എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

മെഡല്‍ ജേതാക്കളായ പോലീസുകാര്‍ വിവരം ഉടന്‍ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഡി.ജി.പി. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അക്ഷരത്തെറ്റുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ

സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് അഭിമാനപൂര്‍വം ഏറ്റുവാങ്ങിയ മെഡലുകളില്‍ അക്ഷരപ്പിശക് വന്നതില്‍ പോലീസ് ഉദ്യോഗസ്ഥരും അസ്വസ്ഥരാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്. 

വിതരണം ചെയ്യുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലുകള്‍ പരിശോധിച്ചില്ല എന്നാണ് ഉയരുന്ന ആക്ഷേപം. മെഡല്‍ സമ്മാനിക്കാനായി മുഖ്യമന്ത്രിക്ക് നല്‍കുന്നത് ഡി.ജി.പിയാണ്. അപ്പോഴും അക്ഷരത്തെറ്റ് ശ്രദ്ധിച്ചില്ല.

Content Highlights: Spelling mistake on Chief minister's police medal. DGP recalled medals.