നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഒപ്പംനിന്നില്ലെന്ന് വാങ്ചുക്ക്, ‘അവഗണനയിൽ നിരാശയുണ്ട്’

ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നെന്നും എന്നാൽ അദ്ദേഹത്തിൽനിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്.
രാഹുലിന്റെ കൈകളിൽനിന്ന് പഴച്ചാർ വാങ്ങിക്കഴിച്ച് നിരാഹാരം അവസാനിപ്പിക്കാൻ തന്റെ ഭാര്യ ഗീതാഞ്ജലി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ അവഗണനയിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു.
നിരാഹാരം അവസാനിപ്പിക്കാൻ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയെയും ജിതേന്ദ്ര സിങ്ങിനെയും വാങ്ചുക്ക് രൂക്ഷമായി വിമർശിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ, തനിക്ക് സൂപ്പ് നൽകുന്ന ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഈ മന്ത്രിമാർ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, അവർ വാക്ക് ലംഘിച്ചു. ഈ നേതാക്കളിലുള്ള വിശ്വാസം തനിക്ക് പൂർണമായി നഷ്ടപ്പെട്ടു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഒരു രാഷ്ട്രീയേതര സമ്മർദഗ്രൂപ്പായി തുടരാനുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനത്തെ സോനം വാങ്ചുക്ക് സ്വാഗതം ചെയ്തു. രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുന്നതിലൂടെ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ അവർക്ക് കഴിയുമെന്നും ഇതാണ് താൻ അവർക്ക് നൽകിയ ഉപദേശം- അദ്ദേഹം പറഞ്ഞു.
Content Highlights: Sonam Wangchuk reveals Rahul Gandhi's lack of support during his 26-day fast., Criticism directed at JP Nadda and Jitendra Singh for breaking promises regarding the protest., Wangchuk supports the decision of Cockroach Janata Party to remain a non-political pressure group.