ഗണേഷ് കുമാറും സോളാർ പ്രതിയും ഗൂഢാലോചന നടത്തിയെന്ന കേസ്; ഉമ്മൻചാണ്ടിയുടെ പേരില്ലായിരുന്നുവെന്ന് ACP

കൊട്ടാരക്കര: സോളാർ കേസ് പ്രതി അട്ടക്കുളങ്ങര ജയിലിലായിരിക്കവേ എഴുതിയ കത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയോ കോൺഗ്രസ് നേതാക്കളുടെയോ പേരുണ്ടായിരുന്നില്ലെന്ന് തൃശ്ശൂർ എ.സി.പി. കെ.എ. മുഹമ്മദ് നിസാർ മൊഴിനൽകി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്നിലാണ് മൊഴിനൽകിയത്.
ഉമ്മൻചാണ്ടിയുടെ പേര്, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതിയും ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്നു കാട്ടിയുള്ള കേസിലാണ് മൊഴി.2013-ൽ പ്രതിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ, എറണാകുളം എ.സി.ജെ.എം. കോടതിയുടെ നിർദ്ദേശാനുസരണം എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ 965/2013 എന്ന നമ്പരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് സ്റ്റേഷനിലെ എസ്.ഐ.യായിരുന്നു കെ.എ. മുഹമ്മദ് നിസാർ. കത്തിൽ പേരുണ്ടായിരുന്ന ബിജു രാധാകൃഷ്ണനും ശാലുമേനോനും മാത്രമായിരുന്നു പ്രതികൾ. ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കത്തിലെ പരാതിയെന്നും മുഹമ്മദ് നിസാർ മൊഴിനൽകി.
പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലായിരിക്കേ, 2013 ജൂലായ് 19-നാണ് പ്രതി കത്തെഴുതിയത്. ജൂലായ് 24-നാണ് കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു കൈമാറിയത്. ജാലായ് 28-നാണ് കത്ത് കോടതിക്ക് അയച്ചത്. 29-ന് കോടതിനിർദ്ദേശാനുസരണം കേസ് രജിസ്റ്റർചെയ്തു. കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും ഉമ്മൻചാണ്ടിയുടെയും നേതാക്കളുടെയും പേരുൾപ്പെട്ട നാല് പേജുകൾ അധികമായി എഴുതിത്തയ്യാറാക്കി സോളാർ കമ്മിഷനു മുന്നിൽ ഹാജരാക്കുകയായിരുന്നുവെന്നും കാട്ടി അഭിഭാഷകൻ സുധീർ ജേക്കബാണ് കോടതിയിൽ ഹർജി നൽകിയത്. കേസ് ശനിയാഴ്ച പരിഗണിക്കും.
Content Highlights: ACP K.A. Muhammed Nizar testified in Kottarakkara court regarding the original 2013 letter., The original letter did not mention Oommen Chandy or other Congress leaders., Evidence suggests the name was added later through conspiracy involving K.B. Ganesh Kumar., The case involves the manipulation of the original solar case evidence submitted to the commission.