സോളാര്‍: പരാതിക്കാരി കൈമാറിയത് 21 പേജുള്ള കത്തെന്ന് ജയില്‍ രേഖ; 25 പേജിലെത്തിയത് എങ്ങനെ..?

കൊല്ലം: സോളാര്‍ കേസില്‍ പരാതിക്കാരി ആദ്യം എഴുതിയത് 21 പേജുള്ള കത്താണെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ പത്തനംതിട്ട ജില്ലാ ജയിലില്‍വെച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് 21 പേജുകളടങ്ങിയ രേഖകളാണ് പരാതിക്കാരി കൈമാറിയതെന്നാണ് വിവരം. ഇക്കാര്യം ജയില്‍ രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രജിസ്റ്ററിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
2013 ഓഗസ്റ്റ് 24-ന് വൈകിട്ട് 4.55-നാണ് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലാജയിലില്‍ എത്തിയത്. തുടര്‍ന്ന് അവിടെ തടവില്‍കഴിയുകയായിരുന്ന പരാതിക്കാരിയില്‍ 21 പേജുകളിലായുള്ള കത്ത് വാങ്ങി. കോടതിയില്‍ കേസ് നല്‍കുന്നതിന് അപേക്ഷ തയ്യാറാക്കാനുള്ള വിവരങ്ങളാണ് 21 പേജുകളില്‍ ഉള്ളതെന്നാണ് അഭിഭാഷകന്‍ ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരിയില്‍നിന്ന് കത്ത് വാങ്ങിയകാര്യം ഫെനി ബാലകൃഷ്ണനും കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
ജയിലില്‍കഴിയവേ 21 പേജുള്ള കത്താണ് പരാതിക്കാരി അഭിഭാഷകന് കൈമാറിയതെന്നാണ് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍, സോളാര്‍ കമ്മീഷന് മുന്നില്‍ പരാതിക്കാരിയുടെ കത്ത് എത്തിയപ്പോള്‍ ഇതില്‍ നാലുപേജുകള്‍ കൂടി കൂടുതലായി 25 പേജായി. ആരുടെനിര്‍ദേശപ്രകാരമാണ് കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്തതെന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
Content Highlights: solar case complainant first given letter with 21 pages