എസ്എൻഡിപി കേസ്: കേന്ദ്ര അതോറിറ്റിയുടെ നടപടികൾ പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ച് സുപ്രീം കോടതി

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: ANI
സുപ്രീം കോടതി | Photo: ANI

ന്യൂഡൽഹി: എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണോയെന്ന് പരിശോധിക്കുന്ന കേന്ദ്ര അതോറിറ്റിയുടെ നടപടികൾ പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയംകൂടി സുപ്രീം കോടതി അനുവദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.

യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് ആണോ എന്ന് പരിശോധിക്കുന്ന അതോറിറ്റിയുടെ നടപടികൾ പൂർത്തിയാക്കാനാണ് സുപ്രീം കോടതി സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് യോഗം കമ്പനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്പനി ആക്ടിലേക്ക് രജിസ്‌ട്രേഷൻ മാറ്റി. 1961-ൽ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് നിലവിൽവന്നെങ്കിലും യോഗം 1956-ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തനം തുടർന്നുവരികയായിരുന്നു. ഇതിനിടെ എസ്എൻഡിപിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2003-ൽ യോഗത്തിലെ ചില അംഗങ്ങൾ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി ആരംഭിച്ചിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാരിനും എസ്എൻഡിപിയിലെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്ന് കേന്ദ്രസർക്കാർ 2005-ൽ ഉത്തരവിറക്കി. പിന്നീട് ഈ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിനോട് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ നിർദേശിച്ചുവെങ്കിലും കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനിടെ എസ്എൻഡിപി യോഗത്തിന് ബാധകം സംസ്ഥാന നിയമമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ആ വിധി റദ്ദാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര അതോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര അതോറിറ്റിയിൽ ഇപ്പോൾ പുരോഗമിക്കുന്നത്.

ഹൈക്കോടതി വിധി ചോദ്യംചെയ്ത് നൽകിയ ഹർജിയാണ് നിലവിൽ ജസ്റ്റിസ് ജെ.ബി. പാർഡിവാലയുടെ ബെഞ്ച് പരിഗണിക്കുന്നത്. എന്നാൽ, അതോറിറ്റിയുടെ തീരുമാനം വരുന്നതുവരെ കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എസ്എൻഡിപിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നവീൻ പഹ്വ, കെ. പരമേശ്വർ, റോയ് എബ്രഹാം എന്നിവരാണ് ഇന്ന് ഹാജരായത്. വിവിധ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകരായ പി.ബി. കൃഷ്ണൻ, അഭിഭാഷകരായ എ. കാർത്തിക്, ആനി മാത്യു, ടോം ജോസഫ് തുടങ്ങിയവർ ഹാജരായി.

Content Highlights: The Supreme Court bench comprising Justices J.B. Pardiwala and K. Vinod Chandran has granted a six-week extension to the Central Authority to complete proceedings determining whether SNDP Yogam is governed by the Central Companies Act of 1956 or the Kerala Non-Trading Companies Act of 1961.