വാനിൽനിന്നിറങ്ങി അണലി നേരെ സ്കൂട്ടറിലേക്ക്, പിടിക്കാന്‍ ആളെത്തിയിട്ടും കണ്ടില്ല, വണ്ടിയുടെ ഭാഗങ്ങള്‍ അഴിച്ചു, ഒടുവില്‍ പുറത്തേക്ക്

റാന്നി (പത്തനംതിട്ട) : വാനിൽനിന്നിറങ്ങി സ്‌കൂട്ടറിൽ കയറിയ പാമ്പ്, ഉടമയെ ടെൻഷനടിപ്പിച്ചത് നാലുമണിക്കൂറോളം. പാമ്പിനെ പിടിക്കാൻ ആളെത്തിയെങ്കിലും സ്‌കൂട്ടറിനുള്ളിൽ അതിനെ കണ്ടെത്താനായില്ല. സ്‌കൂട്ടർ മെക്കാനിക് എത്തിയിട്ടും ഫലം ഉണ്ടായില്ല. പിന്നീട് സ്‌കൂട്ടർ, വർക്ക്ഷോപ്പിലെത്തിച്ച് വാഹനത്തിന്റെ പല ഭാഗങ്ങളും ഇളക്കി മാറ്റിയ ശേഷമാണ് പാമ്പിനെ കണ്ടെത്താനായത്. അണലിയായിരുന്നു.
അത്തിക്കയം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ബാങ്ക് അസിസ്റ്റന്റ് മാനേജർ എ.ദീപക്കിന്റെ സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്. സമീപത്തുള്ള കടയുടമയുടെ വാനിൽ നിന്നുമാണ് പാമ്പ് ഇറങ്ങി സ്‌കൂട്ടറിൽ കയറിയത്.
ഇത് വാനുടമയും ബാങ്കിലെ ജീവനക്കാരിയും കണ്ടു. ഇവരെല്ലാം ചേർന്ന് സ്‌കൂട്ടറിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പിനെ പിടിക്കുന്ന മാത്തുക്കുട്ടി സ്ഥലത്തെത്തിയെങ്കിലും ഇതിനെ കണ്ടെത്താനായില്ല.
ഉച്ചയോടെ സ്‌കൂട്ടർ മെക്കാനിക്കിനെ വരുത്തി. സീറ്റഴിച്ച് നോക്കിയിട്ടും കണ്ടില്ല.
വർക്ക് ഷോപ്പിലേക്ക് സ്‌കൂട്ടർ എത്തിക്കണമെന്നായി മെക്കാനിക്. പാമ്പുകയറിയ സ്‌കൂട്ടറുമായി ദീപക്കിന് വർക്ക്‌ഷോപ്പുവരെ പോകേണ്ടി വന്നു. അവിടെ എത്തിച്ചപ്പോൾ, മെക്കാനിക് രഞ്ജിത്ത് സ്‌കൂട്ടറിന്റെ ഓരോ ഭാഗങ്ങൾ അഴിച്ചുനീക്കി. ഹാൻഡിലിന് അടിയിലെ പാനൽ ഫ്‌ളോർ അഴിച്ചപ്പോഴാണ് പാമ്പിനെ കാണാനായത്. പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച പാമ്പിനെ മാത്തുക്കുട്ടിയാണ് ചാക്കിലാക്കിയത്. പിന്നീട് വനപാലകർക്ക് കൈമാറി.
Content Highlights: A venomous snake caused a 4-hour panic after entering a scooter in Ranni, Pathanamthitta. It was eventually found and removed at a workshop.