പാമ്പുകള്‍ അറിയേണ്ട... വിളിപ്പുറത്ത് സംഗീതയുണ്ട്; പാമ്പുപിടിത്തക്കാരന്‍ വേലായുധന്റെ മകളും അതേ വഴിയെ

കോഴിക്കോട്: പാമ്പുണ്ടെങ്കിൽ പേടിക്കേണ്ട, ഏതു പാതിരാത്രിയിലും വിളിപ്പുറത്ത് സംഗീതയുണ്ട്. സ്കൂട്ടറിൽ കുതിച്ചെത്തി പാമ്പിനെ നിമിഷങ്ങൾക്കകം വരുതിയിലാക്കും. സംഗീതയെ പരിചയക്കുറവുള്ളവരുണ്ടാവുമെങ്കിലും അച്ഛൻ വേലായുധനെ അറിയാത്തവർ കുറവായിരിക്കും.
വിഷപ്പാമ്പുകളുമായി മാനാഞ്ചിറയിലെ ചില്ലുകൂട്ടിൽ സർപ്പയജ്ഞം നടത്തിയ വേലായുധനെ കോഴിക്കോട്ടുകാർക്ക് മറക്കാനാവില്ല. കടിയേറ്റിട്ടും വേലായുധൻ യജ്ഞം തുടർന്നപ്പോൾ ആ ചില്ലുകൂടിന് മുത്തമിടുന്ന മൂന്നുവയസ്സുള്ള സംഗീതയുടെ ചിത്രം അന്ന് പത്രങ്ങളിൽവന്നിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം വേലായുധനോടൊപ്പം വിഷപ്പാമ്പുകളുമായി സഞ്ചരിച്ച സംഗീതയും ആൾക്കൂട്ടത്തിനു വിസ്മയമായിരുന്നു. ഒരിക്കൽ കോട്ടയത്ത് പ്രദർശനത്തിനിടെ സംഗീതയ്ക്ക് മുർഖൻപാമ്പിന്റെ കടിയേറ്റിട്ടുമുണ്ട്.
1980-ൽ 75 വിഷപ്പാമ്പുകളുമായി 75 മണിക്കൂർ കൂട്ടിൽക്കിടന്ന് അച്ഛൻ റെക്കോഡിട്ട സാഹസികകഥ സംഗീത മക്കളോട് പറയാറുണ്ട്. രണ്ടായിരത്തിൽ 53-ാമത്തെ വയസ്സിൽ പാമ്പുകടിയേറ്റ് വേലായുധൻ മരിച്ചതോടെയാണ് പാമ്പുകളുമായുള്ള ചങ്ങാത്തം സംഗീത അവസാനിപ്പിച്ചത്.
പിന്നെ ഭ്രമം ഫാഷൻവസ്ത്രങ്ങളോടായി. വസ്ത്രങ്ങൾ സ്വന്തമായി രൂപകല്പനചെയ്യും. അതേക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുക്കുന്നുമുണ്ട്. മോഡേൺ ബസാറിൽ ‘ബ്രൈറ്റ് ഫാഷൻ ഡിസൈനിങ് ആൻഡ് സ്റ്റിച്ചിങ്’ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയുമാണിപ്പോൾ.
ഇതിനിടെ നാട്ടുകാർ പാമ്പിനെക്കണ്ട് വിളിക്കും. മടികൂടാതെ ഉടൻ സംഗീത പുറപ്പെടും. പിടിച്ച പാമ്പിനെ വനശ്രീകാർക്ക് കൈമാറും. മക്കളായ നേഹയ്ക്കും കനിഹയ്ക്കും കണ്ടും തൊട്ടും പാമ്പുകളെ നന്നായറിയാം. പക്ഷേ, ഒാഫീസ് ഫർണിച്ചർ മേഖലയിൽ ജോലിചെയ്യുന്ന ഭർത്താവ് ജിതേഷ്, പാന്പിനെ ഭയമാണെന്ന് തുറന്നുപറഞ്ഞു.
Content Highlights: snake catcher velayudhan's daughter also followed the same path