ആശുപത്രി ജനറേറ്ററിൽനിന്ന് പുക; സമീപത്തെ സ്കൂളിലെ 50-ഓളം കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം, കുഴഞ്ഞുവീണു

പുകയുയരാനിടയാക്കിയ ജനറേറ്റർ
പുകയുയരാനിടയാക്കിയ ജനറേറ്റർ

കസർകോട്: കാഞ്ഞങ്ങാട് ആശുപത്രിയുടെ ജനറേറ്ററിലെ പുകശ്വസിച്ച് സ്കൂൾകുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം. ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പുക ശ്വസിച്ച് 50 ഓളം കുട്ടികൾ കുഴഞ്ഞുവീണു. വിദ്യാർഥികളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽനിന്നാണ് പുക ഉയർന്നത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ആശുപത്രിയുടെ തൊട്ടുപിന്നിലായി ഒരു മതിലിനപ്പുറമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലേക്കും പുക പടർന്നു. ഇതോടെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന് കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഡിഎംഓയെ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽനിന്ന് കൂടുതൽ ഡോക്ടർമാർ എത്തി ചികിത്സ നൽകി. നില ​ഗുരുതരമായിരുന്ന വിദ്യാർഥികളെ ജില്ലാ ആശുപത്രിയിലേക്കുമാറ്റി. കുട്ടികൾ അപകടനില തരണംചെയ്തു. നിലവിൽ നാല് കുട്ടികളാണ് ആശുപത്രിയിലുള്ളത്.

സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടനടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പുകകുഴലില്ലാത്തതാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പരിസര പ്രദേശങ്ങളിലേക്ക് പുക പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സ്കൂളിന്റെ പരിസരത്ത് നിന്ന് ജനറേറ്റർ മാറ്റി സ്ഥാപിക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.

Content Highlights: Smoke billowed from the hospital generator children of neighboring school hospitalized