വേനപ്പാറയിറങ്ങി അവർ വന്നു: വിങ്ങിപ്പൊട്ടി ആ അച്ഛൻ...; കുടുംബസംഗമം ഉപേക്ഷിച്ചു; തുക ആ കുഞ്ഞുങ്ങൾക്ക്

#ന്യൂസ് ഡെസ്ക്
1, വേനപ്പാറ ലിറ്റിൽഫ്ളവർ യു.പി. സ്കൂൾ സമാഹരിച്ച സംഭാവന പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും സ്കൂൾ ലീഡർ മിൻഹ ഫാത്തിമയും ചേർന്ന് ചികിത്സാസഹായ സമിതി കൺവീനർ അനീഫ് മുഹമ്മദിന് കൈമാറുന്നു | 2, എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാനിധിയിലേക്ക് ആർ. ജെ. ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച 1,21,000 രൂപ ഭാരവാഹികൾ ചികിത്സാസഹായസമിതി ഓഫീസിൽ ഫാ. സിബിൻ കിളിയാംപറമ്പിലിന് നൽകുന്നു.
1, വേനപ്പാറ ലിറ്റിൽഫ്ളവർ യു.പി. സ്കൂൾ സമാഹരിച്ച സംഭാവന പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും സ്കൂൾ ലീഡർ മിൻഹ ഫാത്തിമയും ചേർന്ന് ചികിത്സാസഹായ സമിതി കൺവീനർ അനീഫ് മുഹമ്മദിന് കൈമാറുന്നു | 2, എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാനിധിയിലേക്ക് ആർ. ജെ. ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച 1,21,000 രൂപ ഭാരവാഹികൾ ചികിത്സാസഹായസമിതി ഓഫീസിൽ ഫാ. സിബിൻ കിളിയാംപറമ്പിലിന് നൽകുന്നു.

മുക്കം: എസ്.എം.എ. ടൈപ്പ് 2 രോഗം ബാധിച്ച കല്ലുരുട്ടി പൂവ്വത്തേരിചാലിൽ വീട്ടിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നിവരുടെ കാര്യമറിഞ്ഞതുമുതൽ ആ കുരുന്നുകളുടെ പുഞ്ചിരി മായാതിരിക്കാനുള്ള പരിശ്രമത്തിലായിരുന്നു അവർ. വിദ്യാർഥികളിൽ ചിലർ തങ്ങളുടെ സമ്പാദ്യക്കുടുക്കകളും കൊണ്ടാണ് സ്കൂളിലെത്തിയത്. മറ്റു ചിലർ സഞ്ചയികസമ്പാദ്യമാണ് പൂർണമനസ്സോടെ കൈമാറിയത്.

നാട് മുഴുവൻ കൈകോർക്കുന്ന അതിജീവനദൗത്യത്തിൽ രക്ഷിതാക്കൾ അവരെ പിന്തുണച്ചു. സ്വയമാവുന്നതും സമാഹരിച്ചതുമെല്ലാം സ്വരുക്കൂട്ടി അധ്യാപകരും രംഗത്തെത്തി. വിദ്യാർഥികളുടെ സ്നേഹം കണ്ടറിഞ്ഞ കുഞ്ഞുങ്ങളുടെ പിതാവ് അരുൺ മറുപടിപ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി.

1,25,743 രൂപ സമാഹരിച്ച് നൽകിയ കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി. സ്‌കൂളാണ്, എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാസഹായ നിധിയിലേക്ക് തുക കൈമാറുന്ന ആദ്യ വിദ്യാലയമായത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, സ്‌കൂൾ ലീഡർ മിൻഹ ഫാത്തിമ എന്നിവരിൽനിന്ന് ചികിത്സാ സഹായ സമിതി കൺവീനറും മുക്കം കൗൺസിലറുമായ അനീഫ് മുഹമ്മദ് ആദ്യഘട്ട സാമ്പത്തികസഹായം ഏറ്റുവാങ്ങി.

അധ്യാപകരായ ബിജു മാത്യു, പ്രഫുൽ വർഗീസ്, പി.എം. ഷാനിൽ, സമിതി ഭാരവാഹികളായ സിബി തോമസ്, ബോസ് ഇലഞ്ഞിക്കൽ, ടി.ടി. ഷാജു, മാണിക്യൻ ഫാസിൽ, ആൽബിൻ മഞ്ചേരിൽ, നിയാസ്, അരുൺ, സജ്ജാദ് പയ്യൂളി തുടങ്ങിയവർ സന്നിഹിതരായി.

കുടുംബസംഗമം ഉപേക്ഷിച്ചു; തുക ആ കുഞ്ഞുങ്ങൾക്ക്
തിരുവമ്പാടി: സോഷ്യലിസ്റ്റ് കുടുംബ സംഗമം മാറ്റിവെച്ച് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. ഇതിനായി സ്വരൂപിച്ചിരുന്ന 1,21,000 രൂപ എസ്.എം.എ. ബാധിച്ച കല്ലുരുട്ടിയിലെ കുഞ്ഞുങ്ങൾക്ക് നൽകും. നവംബർ 14-ന് നടത്താനിരുന്ന പഞ്ചായത്ത്തല സോഷ്യലിസ്റ്റ് കുടുംബസംഗമമാണ് മാറ്റിവെച്ചത്.

ചികിത്സാസഹായസമിതി ഓഫീസിലെത്തി ഭാരവാഹികൾ തുക ഫാ. സിബിൻ കിളിയാംപറമ്പിലിന് നൽകി. ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ്, കൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗവും ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, പി. അബ്ദുറഹ്‌മാൻ, ടാർസൺ ജോസ് കോകാപ്പിള്ളി, ബേബി മഞ്ചേരിൽ, ഷിബാ റോയ് നെച്ചിക്കാട്ട്, ജോർജ് മങ്കരയിൽ, ജോളി പൊന്നംവരിക്കയിൽ, ജിൻസ് ഇടമനശ്ശേരിയിൽ, മനു അബ്രഹാം, ബോബി വർഗീസ് ഇടപ്പാട്ട്, അരുൺ മുകേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് കല്ലുരുട്ടിയിലെ ഓഫീസിലെത്തി തുക കൈമാറിയത്.

പിന്നിട്ടു 10 കോടി; കൈകോർക്കാം നമുക്ക് 

ജീൻ തെറപ്പിക്കും തുടർച്ചികിത്സയ്ക്കുമായി അമ്പതു കോടി രൂപയാണ് വേണ്ടത്. പത്തുകോടി രൂപയാണ് ഇതിനകം അക്കൗണ്ടിൽ എത്തിയത്.

അക്കൗണ്ട്: അരുൺ പി.ഡി.

അക്കൗണ്ട് നമ്പർ: 21360100162505.

ബാങ്ക്: ഫെഡറൽബാങ്ക് മുക്കം ശാഖ

ഐ.എഫ്.എസ്.സി: FDRL0002136

(ലിങ്കിലെ ക്യു.ആർ. കോഡ് സ്കാൻചെയ്തും പണമയക്കാം)

Content Highlights: A community effort in Mukkam, including students, teachers, and parents, raised funds to support the treatment of three children affected by SMA Type 2, with a school collecting ₹1,25,743 and a political committee donating ₹1,21,000. The Kozhikode Venappara Little Flower U.P. School was the first to contribute to the treatment fund, with the school principal and leader handing over the initial financial aid. A total of ₹10 crore has been raised so far for the gene therapy and continuous treatment, with a target of ₹50 crore needed.