അന്നത്തെ പിന്തുണ ഇന്നില്ല, ആര്യയ്ക്കെതിരേ ശിവൻകുട്ടി; ‘വാഹനത്തിൽ കയറ്റിയപ്പോൾ പരസ്യ എതിർപ്പുയർന്നു’

#ന്യൂസ് ഡെസ്ക്
ആര്യാ രാജേന്ദ്രൻ, വി. ശിവൻകുട്ടി | Photo: മാതൃഭൂമി
ആര്യാ രാജേന്ദ്രൻ, വി. ശിവൻകുട്ടി | Photo: മാതൃഭൂമി

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ആയിരത്തിലധികം വോട്ട് പ്രതീക്ഷിച്ച ആര്യയുടെ സ്വന്തം സ്ഥലമായ മുടവൻമുകൾ വാർഡിൽ കിട്ടിയത് വെറും അഞ്ച് വോട്ടിന്റെ ലീഡാണെന്ന് ശിവൻകുട്ടി പറഞ്ഞു.

ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേയറെന്ന നിലയിൽ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ വൻ പരാജയമുണ്ടായപ്പോൾ ആര്യയെ പിന്തുണച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

എം.വി. ഗോവിന്ദന് രൂക്ഷവിമർശനം

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും മുൻ മേയർ ആര്യാ രാജേന്ദ്രനും സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം. എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയമാണെന്ന് യോഗത്തിൽ വിമർശനമുയർന്നപ്പോൾ ആര്യ രാജേന്ദ്രനെതിരേ വി. ശിവൻകുട്ടിയാണ് ആഞ്ഞടിച്ചത്.

തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടുവെന്ന് ജില്ലയിലെ മുതിർന്ന നേതാവ് പറഞ്ഞു. ഭാര്യ പി.കെ. ശ്യാമള മത്സരിച്ചതോടെ ഗോവിന്ദൻ കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. തിരുവനന്തപുരത്തെ ജില്ലാനേതൃത്വത്തിനെതിരേയും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുയർന്നു.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ സെക്രട്ടറിയാക്കാൻ കഴിവുള്ള ആരുമില്ലെന്ന് എം.വി. ഗോവിന്ദൻ ആവർത്തിച്ചു. എന്നാൽ, സെക്രട്ടറിയാകാൻ കഴിവുള്ള നിരവധി പേരുണ്ടെന്ന് മുതിർന്ന അംഗം മറുപടി പറഞ്ഞു. എം.വി. ഗോവിന്ദനെതിരേ ഇദ്ദേഹം വ്യക്തിപരമായ വിമർശനവുമുന്നയിച്ചു.

പാർട്ടി ജില്ലാസെക്രട്ടറിയായി വി. ജോയിയെ വീണ്ടും നിയമിക്കരുതെന്നും ആവശ്യമുയർന്നു. പാർലമെന്റിലേക്ക് മത്സരിക്കാൻ പോയപ്പോഴും ഇത്തരത്തിൽ ജോയി സ്ഥാനം ഒഴിഞ്ഞിരുന്നു. കോർപ്പറേഷനിലേക്ക് മത്സരിച്ച വഞ്ചിയൂർ എൽ.സി. സെക്രട്ടറിയെ മാറ്റി പുതിയ ആളെ കൊണ്ടുവന്നതുപോലെ ജില്ലാനേതൃത്വത്തിലും ചെറുപ്പക്കാരെ കൊണ്ടുവരണം. ഒരേസമയം, ഇരട്ടപ്പദവി അനുവദിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു.

Content Highlights: Sivankutty highlights the narrow victory margin in Arya Rajendran's ward., Criticism regarding Arya's performance as Mayor impacting election results., Internal dissent against MV Govindan's leadership during the election., Demands for organizational leadership changes within the Thiruvananthapuram CPM unit.