സില്‍വര്‍ലൈന്‍ സമരത്തിന് 1000 ദിവസം; ഒരുദിവസവും മുടങ്ങാതെ സമരപ്പന്തലിലെത്തി വര്‍ഗീസ്

കോട്ടയം: അതിര്‍ത്തികാക്കാന്‍ പുലര്‍ത്തിയ ജാഗ്രത. അതിപ്പോഴും നഷ്ടപ്പെടാതെ മാടപ്പള്ളി ആനപ്പാറയ്ക്കല്‍ എ.ടി.വര്‍ഗീസ് കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ എല്ലാ ദിവസവും പങ്കെടുത്തത്. 1000 ദിവസവും മുടങ്ങാതെ എത്തിയ ഒരേയൊരാള്‍.
സമരത്തിന് 1000 ദിനംപിന്നിട്ട ദിവസം അദ്ദേഹം സംസാരിക്കുന്നു.
? എങ്ങനെ ഇത് സാധിച്ചു.?
*കഴിയുന്നത്ര ദിവസം സമരത്തില്‍ പങ്കെടുക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഞാന്‍ പന്തലിന് തൊട്ടടുത്താണ് താമസിക്കുന്നത്. ആദ്യം അവിടെ വരുന്നത് ഞാനാണ്. പരിസരം വൃത്തിയാക്കും. സീറ്റിടും. 11.30 വരെ പന്തലില്‍ ഇരിക്കും.
? ഇത്രയും ദിവസത്തിനിടെ സ്വന്തമായി എന്തെങ്കിലുമൊക്കെ ആവശ്യത്തിന് പോകേണ്ടി വന്നിട്ടില്ലേ.?
* അധികം ദൂരേക്ക് പോകേണ്ടിവന്നിട്ടില്ല. എന്തായാലും എല്ലാദിവസവും ഇവിടെ വരാനായി.
? എത്ര വയസ്സുണ്ട്. എന്ത് ജോലി ചെയ്തിരുന്നു.?
* 80 വയസ്സുണ്ട്. വിമുക്തഭടനാണ്. ബോര്‍ഡര്‍ റോഡ്‌സിലായിരുന്നു സേവനം. രാഷ്ട്രപതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
? വിമുക്തഭടനെന്നത് ഈ സമരത്തില്‍ ഗുണമായിട്ടുണ്ടോ?
* നിശ്ചയമായും. ഒരുകാര്യത്തില്‍ ഇറങ്ങി ദൃഢനിശ്ചയത്തോടെ പോകുകയെന്നത് ആ ജോലി നല്‍കിയ പാഠമാണ്.
? എന്താണ് സമരത്തിന്റെ ആവശ്യം?
* സില്‍വര്‍ലൈന്‍ സംബന്ധിച്ച എല്ലാ ഉത്തരവുകളും പിന്‍വലിച്ച് പദ്ധതി റദ്ദാക്കണം.
? പദ്ധതി അങ്ങയെ എങ്ങനെ ബാധിക്കും?
* എന്റെ പറമ്പിന്റെ മധ്യത്തിലൂടെയാണ് പാത പോകുന്നത്. ഇത് വെട്ടിമുറിക്കലാണ്. രണ്ടിടവും ഒന്നിനും കൊള്ളില്ല.
Content Highlights: A.T. Varughese has attended the SilverLine anti-project protest in Madappally