സിൽവർലൈൻ പദ്ധതി റദ്ദാക്കി; ഇൻഫോപാർക്കിന് 22 ഏക്കർ ഭൂമി മടക്കിക്കിട്ടും

കൊച്ചി ഇന്‍ഫോപാര്‍ക്ക് | ഫോട്ടോ: മാതൃഭൂമി
കൊച്ചി ഇന്‍ഫോപാര്‍ക്ക് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സിൽവർലൈൻ പദ്ധതി റദ്ദാക്കിയതോടെ ഇതിനായി മരവിപ്പിച്ചിട്ടിരുന്ന സ്ഥലം ഇൻഫോപാർക്കിന് മടക്കി ലഭിക്കും. വിവിധ കമ്പനികൾക്കായി അനുവദിച്ചിരുന്ന സ്ഥലം ഒഴിവാക്കിയാൽ 22 ഏക്കറാണ് ഇൻഫോപാർക്കിന് മടക്കി ലഭിക്കുക. സിൽവർലൈൻ പദ്ധതിക്കായി 45 ഏക്കർ സ്ഥലമാണ് ഇൻഫോപാർക്കിൽനിന്ന് ഏറ്റെടുത്തത്. ഇതിൽ സ്വകാര്യ കമ്പനിക്ക് ഐ.ടി. പാർക്ക് നിർമാണത്തിന് അനുവദിച്ച സ്ഥലവും ഉൾപ്പെട്ടിരുന്നു. സ്ഥലം മരവിപ്പിച്ചതോടെ ഇവിടെ നിർമാണം നടത്താനാകാത്ത സ്ഥിതിയായി.

സിൽവർലൈനിനായി മാറ്റിവെച്ച സ്ഥലത്തുനിന്ന് യു.എസ്.ടി. ഗ്ലോബലിന് അനുവദിച്ച ഒൻപതേക്കർ പിന്നീട് സർക്കാർ വിട്ടുനൽകി. ഈ ഭൂമിയിൽ അവർ പുതിയ ഐ.ടി. കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന 36 ഏക്കറിൽ മുത്തൂറ്റ് ഫിനാൻസിന്റെ ഐ.ടി. കെട്ടിടത്തിനായി നൽകിയ 9.7 ഏക്കറും പടിയത്ത് ഗ്രൂപ്പിന് നൽകിയ 4.1 ഏക്കറും ഉൾപ്പെടുന്നു. ഇത് അവർക്ക് കൈമാറിയതിന് ശേഷമുള്ള 22 ഏക്കർ ഇൻഫോപാർക്കിന് വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും.

ഇൻഫോപാർക്കിൽ നിലവിൽ കമ്പനികൾക്ക് നൽകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്ഥലം ആവശ്യപ്പെട്ട് ഒട്ടേറെ കമ്പനികൾ കാത്തിരിപ്പുപട്ടികയിലുണ്ട്. റോഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനുശേഷമായിരിക്കും ശേഷിക്കുന്ന സ്ഥലം കമ്പനികൾക്ക് പാട്ടത്തിന് നൽകുക.

ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന സ്ഥലമാണ് കെ-റെയിലിനായി മരവിപ്പിച്ചിരുന്നത്. ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് മൂന്നും നാലും ഘട്ടങ്ങളിലായി ഒട്ടേറെ വികസനപദ്ധതികൾ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 300 മുതൽ 500 ഏക്കർ വരെ സ്ഥലത്ത് വിഭാവനം ചെയ്യുന്ന എ.ഐ. ടൗൺഷിപ്പ്, ഇരുമ്പനത്തെ ട്രാക്കോ കേബിളിന്റെ ഭൂമിയിലുള്ള നാലാംഘട്ട വികസനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Content Highlights: SilverLine project officially cancelled, Infopark Kochi regains 22 acres of prime land, Land to be developed for new IT companies on waiting list, Infrastructural upgrades planned before leasing, Future phases include AI township and phase 4 development