സില്‍വര്‍ ലൈന്‍: ജനങ്ങളോട് നേരിട്ട് സംസാരിക്കണം, കണ്ണില്‍ പൊടിയിടുകയല്ല വേണ്ടത് - മുരളീധരന്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതികവിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ പദ്ധതിയോട് എതിര്‍പ്പുള്ളവരോട് സംവദിക്കും എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ജീവിതകാലം മുഴുവനുള്ള
അധ്വാനത്തിന്റെ സമ്പാദ്യമായ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്ന സാധാരണ ജനങ്ങളോടാണ് സംവദിക്കുവാന്‍ തയ്യാറാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അതിന് ആര്‍ജ്ജവമില്ലെങ്കില്‍ കെ റെയില്‍ എം.ഡിയെ എങ്കിലും പറഞ്ഞു വിടണം. സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നവര്‍ എന്തുകൊണ്ട് മെട്രോമാന് ഇ. ശ്രീധരനെ ക്ഷണിച്ചില്ലെന്നും മുരളീധരന് ചോദിച്ചു.
പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നടത്തുന്ന പ്രതിരോധ യാത്രയുടെ ആറാം ദിവസം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങല്‍ തോട്ടവാരം ശ്രീ ഇടയാവണത്ത് ഭഗവതീ ക്ഷേത്ര നടയില്‍നിന്ന് കാല്‍നടയായി ആരംഭിച്ച യാത്ര ഇസ്ലാം മുക്കില്‍ സമാപിച്ചു.
Content Highlights: silver line: should talk directly to the people says v muraleedharan