വേദനയുടെ, അനിശ്ചിതത്വത്തിന്റെ 71 ദിനങ്ങൾ; ഒടുവിൽ ഗംഗാവലിയിൽനിന്ന് ആ സമസ്യയ്ക്ക് ഉത്തരം

അർജുൻ, ഷിരൂരിലെ തിരച്ചിൽ
അർജുൻ, ഷിരൂരിലെ തിരച്ചിൽ

അങ്കോല:  അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 71 ദിവസങ്ങള്‍... ഒടുവില്‍ വേദനാജനകമായ ആ വാർത്ത വന്നിരിക്കുന്നു- കര്‍ണാടകത്തിലെ ഷിരൂരില്‍ മലയിടിച്ചിലില്‍പെട്ട അര്‍ജുന്റെ ലോറി .ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഒപ്പം ലോറിയുടെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിരിക്കുന്നു. 

ലോറിയുടെ കാബിനിൽ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹമാണോ എന്നതില്‍ ശാസ്ത്രീയ പരിശോധനയിലേ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകൂ. ഫോറൻസിക് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾക്കു ശേഷമാകും അക്കാര്യത്തിൽ വ്യക്തത.

ജൂലായ് 16-ന് ഷിരൂരിലുണ്ടായ വന്‍ മലയിടിച്ചിലില്‍ അര്‍ജുന്റെ ലോറിയും അകപ്പെട്ടു എന്ന ആശങ്ക മണിക്കൂറുകള്‍ കഴിഞ്ഞാണ് കേരളം അറിഞ്ഞത്. ആദ്യത്തെ അലംഭാവത്തിനു ശേഷം ഉണർന്നെണീറ്റ കർണാടക സർക്കാർ സംവിധാനങ്ങൾ, അതിനിടയിൽ അർജുന്‍റെ കുടുംബത്തിന്‍റെ നിരന്തര അഭ്യർഥനകൾ, നിവേദനങ്ങൾ, കോടതി ഇടപെടലുകൾ...  ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത നീക്കങ്ങൾ.

പലപ്പോഴായി പലഘട്ടങ്ങളില്‍ തിരച്ചില്‍ നടന്നു. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും രക്ഷാദൗത്യത്തിന് എല്ലായ്‌പ്പോഴും തടസ്സമായി. നിരവധി പേർ പലപ്പോഴായി കുത്തൊഴുക്കിനെയും പേമാരിയെയും അവഗണിച്ച് പുഴയിലിറങ്ങി പരിശോധന നടത്തി. എന്നാൽ നിരാശയായിരുന്നു ഫലം. ഒരുപക്ഷേ രാജ്യംകണ്ട ഏറ്റവും ദുഷ്കരമായ, പ്രതീക്ഷാരഹിതമായ തിരച്ചിലിന്‍റെ ദിവസങ്ങൾ..

രണ്ടു മാസങ്ങൾക്കു ശേഷം കാലാവസ്ഥ അനുകൂലമാകുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് തിരച്ചിലിന് ഫലപ്രാപ്തിയുണ്ടായത്. ഡ്രഡ്ജർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. അർജുൻ എവിടെ എന്നതായിരുന്നു ഇക്കാലമത്രയും കുടുംബവും കേരളം മുഴുവനും ചോദിച്ചിരുന്ന ചോദ്യം. 

വരാനുള്ളത് ശുഭവാർത്തയാകില്ലെന്ന യാഥാർഥ്യം ഇതിനകം എല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞിരുന്നു. എങ്കിലും പലഘട്ടത്തിലും ഒരു അത്ഭുതം കേരളം പ്രതീക്ഷിച്ചു, പ്രാര്‍ഥിച്ചു. ഒടുവില്‍ സപ്തംബര്‍ 25 ഉച്ചയ്ക്ക് മൂന്നുമണിക്ക് ഗംഗാവാലിപ്പുഴയില്‍നിന്ന് ആ സമസ്യയ്ക്ക് ഉത്തരം ലഭിക്കുമ്പോള്‍ കരയില്‍നിന്നിരുന്ന സഹോദരന്റെ കണ്ണുനീരിൽ 71 ദിനം നീണ്ടിനിന്ന ആ വേദനയുടെ വിങ്ങലും വിഹ്വലതകളുമുണ്ടായിരുന്നു.

Content Highlights: shirur landslide-missing arjun lorry found