തിരിച്ചുവാങ്ങി, പുഴ അടക്കിപ്പിടിച്ച അർജുനെ; പ്രതീക്ഷയുടെ ഒരു തിരിവെട്ടം എന്നെന്നേക്കുമായി അണഞ്ഞു

അര്‍ജുന്റെ കുടുംബം, അര്‍ജുൻ| Photo: Mathrubhumi
അര്‍ജുന്റെ കുടുംബം, അര്‍ജുൻ| Photo: Mathrubhumi

കോഴിക്കോട്: സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞപ്പോഴും എന്തിനെന്നറിയാതെ പ്രതീക്ഷയുടെ ഒരു തിരിവെട്ടം ആ വീട്ടിൽ തെളിഞ്ഞു കത്തിയിരുന്നു. എന്നാൽ, ബുധനാഴ്ച വൈകീട്ടോടെ അത് എന്നെന്നേക്കുമായി അണഞ്ഞു. ഇനിയൊരിക്കലും ചിരിച്ചുകൊണ്ട് അർജുൻ ആ പടി കയറിവരില്ലെന്നുറപ്പായി. അത് പെട്ടെന്നൊരു മരണവീടായി.

അകത്തുനിന്ന് അടക്കിപ്പിടിച്ച കരച്ചിലുകളുയർന്നു. മുറ്റത്ത് പന്തലുയർന്നു, കസേരകൾ നിരന്നു. അപ്പോഴും ഒന്നുമറിയാതെ അർജുന്റെ മകൻ കുഞ്ഞു അയാൻമാത്രം വീട്ടിൽ കളിച്ചുനടന്നു. മൊബൈൽ ഫോണിൽ കാർട്ടൂൺ കാണാൻ വാശിപിടിച്ചു. കസേരയും ടാർപ്പായയുമായി ലോറിയെത്തിയപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു ‘‘ലോറി വന്നു...ലോറി വന്നു...’’ കണ്ടുനിന്നവരുടെ ഉള്ളു കലങ്ങി, ഗംഗാവലി പുഴയേക്കാൾ...

മകനെ കാണാതായതോടെതന്നെ തകർന്നുപോയതാണ് അർജുന്റെ അച്ഛൻ പ്രേമനും അമ്മ ഷീലയും. മോനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിൽ ഓരോദിവസവും തള്ളിനീക്കുകയായിരുന്നു. അതിനിടയിലാണ് അച്ഛൻ വീണ് നടുവിനു പരിക്കേറ്റ് കിടപ്പിലായത്. അർജുനെ കണ്ടെത്തിയ വിവരമറിഞ്ഞതോടെ കിടക്കയിൽ കിടന്ന് പൊട്ടിക്കരഞ്ഞ അച്ഛൻ കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. കുറച്ചു ദിവസമായി അസുഖംകാരണം വയ്യാതായ അമ്മയും വിവരമറിഞ്ഞതോടെ തളർന്നു കിടപ്പാണ്.

കണ്ണാടിക്കലിലെ അർജുന്റെ വീട്, അച്ഛൻ പ്രേമൻ. തോളിൽ കിടന്നുറങ്ങുന്നത് അർജുന്റെ രണ്ടരവയസ്സുള്ള മകൻ അയാൻ കൃഷ്ണ

ഞങ്ങളുടെ ദുഃഖത്തിന് ഒരു തീർപ്പില്ലാതായിപ്പോയി, അതാണ് ഏറ്റവും വലിയ സങ്കടമെന്നാണ് കഴിഞ്ഞ തവണ കണ്ടപ്പോൾ അർജുന്റെ അമ്മ മാതൃഭൂമിയോട് പ്രതികരിച്ചത്. വല്ലാത്ത അവസ്ഥയാണ് തങ്ങളുടേതെന്ന് അന്ന് അച്ഛനും പറഞ്ഞിരുന്നു.
അർജുന്റെ ഭാര്യ കൃഷ്ണപ്രിയയും ചേച്ചി അഞ്ജുവും ബുധനാഴ്ച രാവിലെ ബാങ്കിൽ ജോലിക്കുപോയിരുന്നു. വിവരമറിഞ്ഞതോടെ, ഉച്ചയ്ക്ക് കൃഷ്ണപ്രിയയെ വീട്ടിലെത്തിച്ചു. പിന്നാലെ അഞ്ജുവും എത്തി. 

അർജുനെ കാണാതായ സംഭവത്തിനുശേഷം സർക്കാർ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകുകയായിരുന്നു. ഷിരൂരിൽ തിരച്ചിൽ നടത്തുന്ന സ്ഥലത്തായിരുന്ന അഞ്ജു ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. അർജുന്റെ ഇളയ സഹോദരൻ അഭിജിത്തും അഞ്ജുവിന്റെ ഭർത്താവ് ജിതിനും ഷിരൂരിൽത്തന്നെ തുടരുകയായിരുന്നു.ഇനി എന്തുപറയാനാണ്. ഷിരൂരിൽ ഇനിയുള്ള കാര്യങ്ങളിൽ അവിടത്തെ ഭരണകൂടത്തിന്റെ തീരുമാനമനുസരിച്ച് മുന്നോട്ടു പോകും -അഞ്ജു കണ്ണീരോടെ പറഞ്ഞു.

പുഴ അടക്കിപ്പിടിച്ച അർജുനെ 71ാം നാൾ തിരിച്ചുവാങ്ങി

ചില ഇടങ്ങളുണ്ട്, അവിടെ മണ്ണും വെള്ളവും കാറ്റും ആകാശത്തിനു താഴെ അസ്വസ്ഥമായിരിക്കും. ഷിരൂർ അങ്ങനെ ആയിരുന്നു. ഉള്ളിൽ തീക്കനലുകളുമായി.
ചില മനുഷ്യരുണ്ട് ഹൃദയം നുറുങ്ങിപ്പിന്നിയവർ. ആ കണ്ണുകളിൽ നനവുണ്ടാകും. അവർ കരയുന്നത് പക്ഷേ, ഉള്ളിലാണ്. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ അതായിരുന്നു.

ദുരന്തത്തിനു പിന്നാലെ ഷിരൂരിൽ എത്തിയപ്പോൾ പ്രകൃതി രൗദ്രമായിരുന്നു. ‘മനുഷ്യാ, അകന്നു മാറൂ...’ എന്ന കല്പന എങ്ങും. മുറിപ്പെടുത്തുന്ന പെരുമഴയിലേക്ക് ഞങ്ങൾ ചെന്നു. ഗംഗാവലിപ്പുഴയുടെ കിഴക്കേക്കരയിൽ ഇടിഞ്ഞൊലിച്ച കുന്നിന്റെ അവശിഷ്ടങ്ങൾ കുതിർന്നു നിന്നു. അടുത്തമഴയിൽ താഴേക്ക് വീണേക്കും എന്ന് പേടിപ്പിച്ചുകൊണ്ട്.

ഇങ്ങേക്കരയിലെ കൂറ്റനരയാലിന്റെ തരിമ്പും ബാക്കിയിടാതെ പുഴ കലങ്ങിയൊഴുകി. ശങ്കർ നായിക്കിന്റെ കടയും നിർത്തിയിട്ടിരുന്ന ലോറികളും കിടന്നിടം ചെളിക്കുണ്ടായി കിടന്നു.‌‌‌സതീഷ്‌ കൃഷ്ണ സെയിൽ എം.എൽ.എ.യും മഞ്ചേശ്വരത്തുനിന്നുള്ള എ.കെ.എം. അഷറഫ് എം.എൽ.എ.യും കളക്ടർ ലക്ഷ്മിപ്രിയയും നിരന്തരം എത്തി. ജിതിനും ഉടമ മനാഫും അവിടെ പുഴയേക്കാൾ കലങ്ങിയ മനസ്സോടെ നിന്നു.

ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നു, പുഴയില്‍നിന്ന് കണ്ടെത്തിയ ലോറി

കേരളത്തിൽ നിന്നെമ്പാടും രക്ഷാപ്രവർത്തകരെത്തി. നാവികസേന വന്നു. കൂറ്റൻ മണ്ണുമാന്തികൾ, ഈശ്വർ മാൽപെ. പ്രതീക്ഷയുടെ ഒരു തിരി കെടാതെ നിന്നു. ഒരു പക്ഷേ, തകരാത്ത കാബിനിൽ പ്രാണൻ ബാക്കിയുണ്ടാവും. അല്ലെങ്കിൽ പൊട്ടിപ്പോയ തടിക്കഷണങ്ങൾപ്പോലെ അർജുനും ഒഴുകിപ്പോയിരിക്കാം. പത്തു കിലോമീറ്റർ അകലെ കടലിൽ എത്തും മുൻപേ, ഏതെങ്കിലും തിരിവിൽ അർജുൻ ഒരു വിളിക്കപ്പുറം കിടപ്പുണ്ടാകും.

ആ ആഴ്ചകളിൽ മഴ നിലച്ചതേയില്ല. രക്ഷാപ്രവർത്തനം അസാധ്യമായി. ലോറിയുടെ ലോഹാവശിഷ്ടങ്ങൾ ആഴങ്ങളിൽ തറഞ്ഞുകിടന്നത് ഉപഗ്രഹ സഹായത്തോടെ അറിഞ്ഞു.മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും എം.കെ. രാഘവൻ എം.പി.യും വന്നു. എല്ലാ ശ്രമങ്ങളും നടത്തി. കേരളവും കർണാടകവും കൈകോർത്തു. അതിനിടെ, തോരാമഴ വയനാടിനേയും കൊത്തിയെടുത്തു.ബുധനാഴ്ച ജിതിന്റെ മുഖത്തേക്കു നോക്കി. ചിത്രത്തിൽ പതിയാത്ത ആ കണ്ണീരാഴി അതേപോലെ അവിടെ ശേഷിച്ചിരുന്നു.

സതീഷ് കൃഷ്ണ സെയില്‍ | Photo: Mathrubhumi

ജലപാളികളെ പിളർത്തിമാറ്റി പുഴയുടെ ആഴങ്ങളിലേക്കു നീണ്ടത് ഉത്തര കന്നഡത്തിലെ ഹിമാലയൻ ദൗത്യമാണ്. പല നാടുകൾ ഒരൊറ്റ മനുഷ്യനായി നടത്തിയ തിരച്ചിൽ. പുഴ അടക്കിപ്പിടിച്ച അർജുനെ, ഇതാ മനുഷ്യൻ തിരിച്ചുവാങ്ങുകയാണ്.ഇത് ചരിത്രമാണ്. 

(ഷിരൂരിലെ ഓർമ്മകളിൽ മാതൃഭൂമി ന്യൂസ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ കെ. മധുവിന്റെ കുറിപ്പ്)

വിജയംകണ്ട് ഇന്ദ്രബാലന്റെ ദൗത്യം

ജൂലായ് 27-നാണ് ഗംഗാവലി നദിയിൽ അർജുന്റെ ലോറിയുണ്ടാവാൻ സാധ്യതയുള്ള നാലുസ്ഥലങ്ങൾ പാലക്കാട്ടുകാരനായ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടയാളപ്പെടുത്തിനൽകിയത്. അത് കൃത്യമായിരുന്നെന്ന് ബുധനാഴ്ച വ്യക്തമായി. ഇത്തരമൊരു ദൗത്യത്തിന്റെ ഭാഗമായതും അത് വിജയംകണ്ടതും ജീവിതത്തിലെ വല്ലാത്തൊരു അനുഭവമാണെന്ന് ഇന്ദ്രബാലൻ പറഞ്ഞു.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ

ക്വിക്ക് പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഐഡോബ് േഡ്രാൺ. ഇന്ത്യയുടെ മാത്രം സാങ്കേതികവിദ്യയാണിത്. ഇത് ഭാവിയിൽ രക്ഷാപ്രവർത്തനങ്ങൾക്കും സൈന്യത്തിനുംവരെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഷിരൂർ ദൗത്യത്തോടെ കൂടുതൽ തെളിഞ്ഞിരിക്കുകയാണെന്ന് ഇന്ദ്രബാലൻ പറഞ്ഞു.

സൈന്യത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും അഭ്യർഥന സ്വീകരിച്ച് ജൂലായ് 24-നാണ് ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഷിരൂരിലെത്തിയത്. 20 അടി താഴ്ചയിലുള്ള വസ്തുക്കൾ കണ്ടെത്താൻ ശേഷിയുള്ള ഐബോഡ് ഡ്രോൺ, മനുഷ്യജീവന്റെ സാന്നിധ്യം കണ്ടെത്താൻകഴിയുന്ന തെർമൽ ക്യാമറ എന്നീ സംവിധാനങ്ങളോടെയാണ് അദ്ദേഹമെത്തിയത്. 25-ന് പരിശോധന തുടങ്ങി. നാലുസ്ഥലങ്ങൾ അടയാളപ്പെടുത്തിയശേഷം 28-ന് മടങ്ങി.

തിരച്ചിൽ പുനരാരംഭിച്ചശേഷമാണ് വീണ്ടുമെത്തുന്നത്. ആദ്യം കരയിൽനിന്ന് 132 മീറ്റർ അകലെയാണ് ലോറിയുടേതെന്നു സംശയിക്കുന്ന സിഗ്നൽ ലഭിച്ചത്. ഈ ഭാഗത്തായിരുന്നു ചൊവ്വാഴ്ചവരെ തിരച്ചിൽ. എന്നാൽ, അത് വൈദ്യുതി ടവറിന്റേതാണെന്ന് വ്യക്തമായതോടെ കരയിൽനിന്ന് 65 മീറ്റർ അകലെയായി സി.പി.2 എന്ന് മാർക്ക് ചെയ്ത സ്ഥലത്ത് തിരച്ചിൽ തുടരാൻ ഇന്ദ്രബാലൻ നിർദേശിക്കുകയായിരുന്നു.

രണ്ടരയോടെതന്നെ ലോറി ഈ ഭാഗത്തുണ്ടെന്ന കൃത്യമായ സൂചന ലഭിച്ചിരുന്നു. ‘ശ്വാസം അടക്കിനിന്നോളൂ, ക്യാമറ ഡ്രെജ്ജറിനുനേരേ തിരിക്കൂ, ഷിരൂരിൽനിന്ന് ബ്രേക്കിങ് ന്യൂസ് ഉടൻ എത്തും’ എന്ന് ബുധനാഴ്ച 2.31-ന് ഇന്ദ്രബാലന്റെ വാട്സാപ്പ് സന്ദേശമെത്തിയിരുന്നു. മാധ്യമങ്ങളിലൂടെയോ മറ്റാരുമായോ സന്ദേശം പങ്കുവെക്കരുത് എന്നും അദ്ദേഹം പറഞ്ഞു. അതുകഴിഞ്ഞ് അല്പനേരത്തിനുശേഷമാണ് ലോറി കണ്ടെത്തിയ വിവരം ലഭിക്കുന്നത്.

അർജുന്റെ അച്ഛനുനൽകിയ വാക്ക് പാതി പാലിക്കാനായി -മനാഫ്

അങ്കോല: ‘‘അർജുനെ തിരിച്ചുകൊണ്ടുവരുമെന്ന് അച്ഛന് വാക്കുനൽകിയിരുന്നു. എന്നാൽ, ജീവനോടെ കൊണ്ടുവരാൻ സാധിച്ചില്ല. അങ്ങനെ കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഇങ്ങനെയെങ്കിലും കൊണ്ടുവരാനായി.

അബ്ദുൾ മനാഫ് സാഗർ

അന്ത്യകർമം ചെയ്യാനെങ്കിലും അവനെ അവർക്ക് കൊടുക്കാനായല്ലോ’’ -ലോറിയുടമ മനാഫ് ഇടറിയശബ്ദത്തോടെ പറഞ്ഞു.ഗംഗാവാലി പുഴയിൽനിന്ന് കണ്ടെത്തിയ ലോറി അർജുന്റേതെന്ന് ആദ്യം സ്ഥിരീകരിച്ചതും ലോറിയുടമ കോഴിക്കോട് കിണാശ്ശേരി സ്വദേശി അബ്ദുൾ മനാഫ് സാഗറാണ്.

‘‘തുടക്കംമുതലേ ധാരാളം ആളുകൾ ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കുവെച്ച് പലരും പ്രതീക്ഷകൈവിട്ട് ഞങ്ങളെ ഉപേക്ഷിച്ചുപോയി. എനിക്ക് ഉപേക്ഷിച്ചുപോകാൻ തോന്നിയില്ല. ഞാൻ പോയിട്ടുമില്ല. ഞാൻ ആദ്യമേപറയുന്നുണ്ട്, വണ്ടിയുടെ ഉള്ളിൽ അവനുണ്ട്. അതിപ്പോൾ എന്തായാലും ശരിയായി’’-മനാഫ് പറഞ്ഞു.


 

Content Highlights: shirur landslide death arjun