യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റെന്ന് പിണറായി പറയും, എംഎൽഎ സ്ഥാനമടക്കം രാജിവെക്കണം- ഷോൺ ജോർജ്

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, ഷോൺ ജോർജ് | Photo: മാതൃഭൂമി
പിണറായി വിജയൻ, ഷോൺ ജോർജ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം തള്ളി ബജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോൺ ജോർജ് പരിഹസിച്ചു. രാഷ്ട്രീയ ധാർമികയുണ്ട് എന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുത്തുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും എൽഡിഎഫും തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു.

"പിണറായി വിജയനാണ് പ്രതിയെന്ന് മുമ്പും ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് അവരതിനെ പ്രതിരോധിച്ചത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന നിലയിലായിരുന്നു. ഇന്ന് വളരെ വ്യക്തമായി പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു രേഖ പുറത്തുവന്നു. പിണറായി വിജയനാണ് പ്രതി എന്ന് ഇനിയെങ്കിലും അംഗീകരിക്കാൻ സിപിഎം തയ്യാറാകണം. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയനെ മാറ്റാനുള്ള ധാർമ്മികത കമ്മ്യൂണിസ്റ്റ് പാർട്ടിയും ഘടകകക്ഷികളും കാണിക്കണം. ഇത്രയും കാര്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇനിയും എംഎൽഎ സ്ഥാനത്ത് തുടരാതെ ധാർമ്മികതയുണ്ടെങ്കിൽ, പണ്ട് ഉമ്മൻ ചാണ്ടിയോട് പിണറായി വിജയൻ പറഞ്ഞ ഒരു പറച്ചിലുണ്ട്— 'ഉളുപ്പുണ്ടെങ്കിൽ'... പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം. അദ്ദേഹം പ്രതിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇനിയും സമൂഹത്തിനുമുമ്പിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനാകില്ല"- ഷോൺ ജോർജ് പറഞ്ഞു.

എക്‌സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. എക്‌സാലോജിക് കേസ് തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണ് പലരും നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും പണം നൽകിയതെന്നാണ് ശശിധരൻ കർത്ത ഇ.ഡിക്ക് നൽകിയ മൊഴി. വീണയോ എക്‌സാലോജിക്കോ സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും കർത്ത ഇ.ഡിയോട് പറഞ്ഞിരുന്നു. 2024 ഏപ്രിൽ 17-ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.

എക്‌സാലോജിക്കിന് പുറമെ പിണറായി ടി. വീണയ്ക്ക് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന വിവരവും ഇതിനൊപ്പം പുറത്തുവന്നിരുന്നു. 'ലേക്കർ ഇന്ത്യാ കോർപ്പറേഷൻ' എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവന്ന വിവരം. കമ്പനിയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ മേയ് 27-ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചെന്നാണ് സൂചന.

Content Highlights: Shaun George demands Pinarayi Vijayan's resignation as Opposition leader., Allegations stem from Sasidharan Kartha's ED statement regarding Exalogic-CMRL dealings., Controversy surrounding Veena Vijayan's additional company, Laker India Corporation., BJP calls for moral accountability from CPM and LDF leadership.