'വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും'; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം

#ന്യൂസ് ഡെസ്ക്
ഷാഫി പറമ്പില്‍(ഇടത്ത്, ഫയല്‍ചിത്രം) ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന ചില കമന്റുകള്‍(വലത്ത്)
ഷാഫി പറമ്പില്‍(ഇടത്ത്, ഫയല്‍ചിത്രം) ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന ചില കമന്റുകള്‍(വലത്ത്)

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ അവസാനം പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് 'നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ചെയ്തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ ഷാഫി പറമ്പിലിനെതിരേ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

'ജനഹിതം മനസ്സിലാക്കാതെ പ്രവർത്തിച്ചാൽ, ഗ്രൂപ്പിന്റെ വക്താവായി മാറിയാൽ ഷാഫി ദുഃഖിക്കേണ്ടിവരും'', ''ഷാഫി, നിങ്ങൾ കോൺഗ്രസിന്റെ കാലനാകരുത്'', ''കെസിക്ക് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചല്ലോ'', ''ഇപ്പോൾ വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും'', ''കെസിയെ താങ്ങാനാണ് തീരുമാനമെങ്കിൽ ഈ നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇനിയും ഇവിടെയുണ്ടാകും എന്ന് ഓർക്കുക'' എന്നിങ്ങനെ രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്.

കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി വൈകുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷമാണുള്ളത്. ഇതിനിടെയാണ് ഷാഫി പറമ്പിലിന്റെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന ആരോപണങ്ങളും ഉയർന്നത്. ഇതോടെ, വി.ഡി. സതീശനെ അനുകൂലിക്കുന്നവർ ഒന്നടങ്കം ഷാഫി പറമ്പിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തുകയായിരുന്നു.

Content Highlights: Shafi Parambil faces intense criticism from Congress supporters on social media., Allegations link Parambil to supporting KC Venugopal for the Chief Minister position., Supporters of VD Satheesan are actively targeting Parambil's recent social media posts., Growing internal unrest within the Congress party regarding the CM selection process.