ബ്ലെയ്ഡ് സമരത്തിൽ പ്രതിഷേധക്കാരെ പൂട്ടാൻ പോലീസ്; എസ്എഫ്ഐയ്ക്ക് കുരുക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരസ്ഥലത്ത് ബ്ലെയ്ഡുകൾ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരെ പൂട്ടാൻ പോലീസ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം പ്രതികളായ കേസിൽ നാലുപേരെ ഇതുവരെ പിടികൂടി. ജില്ലാസെക്രട്ടറി എ.എ. നന്ദൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം അബിൻ രത്‌ന എന്നിവർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പത്തുപേരും കണ്ടാലറിയാവുന്ന നൂറിലേറെപ്പേരാണ് കേസിലെ പ്രതികൾ. പ്രധാനപ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
മാർച്ചിനിടെ ബ്ലേഡുകൾ ഉപയോഗിച്ച് പോലീസിന്റെ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ എസ്.എഫ്.ഐ.ക്കാർ മുറിച്ചുമാറ്റി. സമരത്തെ നിയന്ത്രിക്കാനെത്തിയ പോലീസ് കോൺസ്റ്റബിൾ സമ്പത്തിന്റെ കൈയ്ക്ക് ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. സമരം കഴിഞ്ഞശേഷം ഈ ബ്ലെയ്ഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.
തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാരിക്കേഡുകൾ കെട്ടിയ കയറുകൾ മുറിച്ചുമാറ്റുന്ന ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് പറയുന്നു. ഇതിനുശേഷം ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കയറിയതോടെയാണ് സമരം അക്രമാസക്തമായത്. ഇത് ആസൂത്രിതമാണെന്നാണ് കണ്ടെത്തൽ. ബാരിക്കേഡുകൾ തകർക്കാൻ ആയുധങ്ങളുമായെത്തുന്ന സംഭവം ഇതാദ്യമാണ്.
യൂണിവേഴ്‌സിറ്റി കോളേജിന്റെ ഭാഗത്തുനിന്ന് സെക്രട്ടേറിയറ്റ് വരെയുള്ള പ്രകടനത്തിനിടയിൽ ഐ.എൻ.ടി.യു.സി. യോഗത്തിന്റെയടക്കം കൊടികളും വലിയ ബോർഡുകളും പ്രതിഷേധക്കാർ തകർക്കുകയും ചെയ്തു. ഇത് മറ്റൊരു സംഘർഷത്തിനു വഴിവെയ്ക്കുമായിരുന്നുവെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. ബ്ലെയ്ഡ് കൊണ്ടുവന്നത് എസ്.എഫ്.ഐക്കാരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാസെക്രട്ടറി എം.എ. നന്ദനെ അറസ്റ്റ് ചെയ്തതെന്നും അതിന് സി.സി.ടി.വി. ദൃശ്യങ്ങളടക്കം തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കന്റോൺമെന്റ് പോലീസ് ഈ സമരത്തിൽ പ്രതി ചേർത്ത പല പ്രവർത്തകരും ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന സംഘർഷമടക്കമുള്ള മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസിനെ ആക്രമിച്ചടക്കമുള്ള കേസുകളിൽ ഇവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല.
ഈ കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തിയാൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള തുകകൾ കെട്ടിവെച്ചശേഷമേ ഇവർക്ക് ജാമ്യം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം അറസ്റ്റിലായ നന്ദനടക്കമുള്ള എസ്.എഫ്.ഐ. നേതാക്കൾക്കെതിരേയും നിരവധി കേസുകളുണ്ട്.
സംസ്ഥാനസർക്കാർ നികുതിയിളവ് നൽകി വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് ജൂൺ 24-നായിരുന്നു എസ്.എഫ്.ഐ.യുടെ സമരം നടന്നത്. സമരസ്ഥലത്ത് കണ്ടെത്തിയ ബ്ലെയ്ഡുകൾ പോലീസ് തങ്ങളെ ആക്രമിക്കാൻ കൊണ്ടുവന്നതാണെന്ന് എസ്.എഫ്.ഐ.യും ആരോപിച്ചിരുന്നു. ലാത്തിയും തോക്കുമുള്ളപ്പോൾ പോലീസിന് ബ്ലെയ്ഡ് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തലയുടെ ഇതിനുള്ള പ്രതികരണം.
എന്നാൽ, ബ്ലെയ്ഡ് കൊണ്ടുവന്നത് എസ്.എഫ്.ഐ. പ്രവർത്തകരല്ലെന്നും തങ്ങൾക്കതിന്റെ ആവശ്യമില്ലെന്നും എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവ് മാതൃഭൂമിയോട് പറഞ്ഞു. തെളിവുണ്ടെങ്കിൽ പോലീസ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Police arrest SFI district leaders Nandan and Abin Ratna., Blades used to cut police barricade ropes and injure a constable., CCTV footage confirms SFI involvement in the planned sabotage., Accused involved in multiple prior criminal cases including ED official assaults., SFI denies allegations, claiming the blades were planted.