മാപ്പ് എഴുതിക്കൊടുക്കുന്ന ശീലമുള്ളത് RSSനാണ്, SFI അത് ചെയ്യുമെന്ന് കരുതരുത്'- പി.എസ്. സഞ്ജീവ്

#ന്യൂസ് ഡെസ്ക്
പി.എസ് സഞ്ജീവ്| Photo: https://www.facebook.com/sanjeev.ps.50
പി.എസ് സഞ്ജീവ്| Photo: https://www.facebook.com/sanjeev.ps.50

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളുടെ വിഷയത്തിൽ സിൻഡിക്കേറ്റ് നിലപാട് ലഘൂകരിച്ചെങ്കിലും ക്യാമ്പസിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. മാപ്പ് എഴുതിക്കൊടുക്കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

മാപ്പെഴുതി കൊടുക്കുന്ന ശീലം ആർ.എസ്.എസിന്റേതാണെന്നും അത്തരം ശീലം എസ്.എഫ്.ഐക്ക് ഇല്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. വിദ്യാർഥികൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, അധികാരികൾ അന്വേഷണ സമിതിയെ വെച്ച് കുറ്റം കണ്ടെത്തി 60 ദിവസത്തേക്ക് പുറത്താക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. മാപ്പപേക്ഷ എഴുതി നൽകുന്നതിനൊപ്പം മാതാപിതാക്കളെ എത്തിച്ച് ഉറപ്പുനൽകണമെന്ന നിർദ്ദേശം ആർ.എസ്.എസ് ബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്നും നേതൃത്വം കുറ്റപ്പെടുത്തി.

സസ്‌പെൻഷനിലായ 16 വിദ്യാർഥികളുടെയും നടപടി പൂർണ്ണമായി പിൻവലിക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സർവ്വകലാശാല ക്യാമ്പസിൽ സമരപ്പന്തൽ ഉയരുകയും നിരാഹാര സമരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. കാരണം കാണിക്കാതെയും കൃത്യമായ നീതി നൽകാതെയുമാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതെന്ന് ആരോപിച്ചാണ് രാവിലെ മുതൽ വിദ്യാർഥികൾ മാർച്ചും പ്രതിഷേധങ്ങളും സംഘടിപ്പിച്ചത്.

സിൻഡിക്കേറ്റ് അംഗങ്ങൾ നിലവാരം കുറഞ്ഞ രാഷ്ട്രീയത്തിലേക്ക് മാറരുതെന്നും, കുറ്റം ചെയ്യാത്ത വിദ്യാർഥികൾക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ച് 16 പേരുടെയും സസ്‌പെൻഷൻ ഉടനടി പിൻവലിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. സസ്‌പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേർ മാപ്പപേക്ഷ എഴുതി നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായത്. എന്നാൽ, സസ്‌പെൻഷൻ കാലയളവിൽ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബാക്കി 4 വിദ്യാർഥികളുടെ സസ്‌പെൻഷൻ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.