രാഹുലിന്റെ ഓഫീസ് ആക്രമണം സംഭവിക്കാന്‍ പാടില്ലാത്തത്; നടപടിയുണ്ടാകും - വി.പി സാനു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമത്തെ അപലപിച്ച് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം.പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു.
ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എസ്എഫ്‌ഐ പ്രതികരണം നടത്തുകയും ഏറ്റെടുക്കുകയും ചെയ്യും. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കും. എന്നാല്‍ ഒരു എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് എന്ന നിലയില്‍ അത് നടത്തുന്നതിനോട് യോജിപ്പില്ല - സാനു പറഞ്ഞു.
കൃത്യമായ നിര്‍ദേശമോ ഉപരികമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് രാഹുല്‍ ഗന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും. അനിഷ്ട സംഭവങ്ങളുണ്ടായി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.
ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര മേഖലയില്‍ പലയിടത്തും പ്രതിഷേധ സമരങ്ങളും ഹര്‍ത്താലുകളും നടക്കുന്നുണ്ട്. അത്തരമൊരു വിഷയത്തില്‍ ഇടപെടുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമായ നടപടി മാത്രമാണ്. എന്നാല്‍ അത്തരമൊരു സമരം അക്രമത്തിലേക്ക് പോകുകയെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സാനു പറഞ്ഞു.
Content Highlights: vp sanu, rahul gandhi, office attack, sfi