SFI നേതാവിന് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പി നിയമനം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

#ന്യൂസ് ഡെസ്ക്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല |ഫോട്ടോ:മാതൃഭൂമി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് എസ്എഫ്ഐ നേതാവിന് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

പി.എസ്.സിയുടെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാബീഗത്തിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ആരോപണ വിധേയനായ പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിലുണ്ട്.

എറണാകുളത്തെ എസ്എഫ്ഐ നേതാവായ കെ.ജെ. ജിതിനെയാണ് സ്പെഷ്യൽ റിക്രൂട്ടുമെന്റിലൂടെ നിയമിക്കാൻ പി.എസ്.സി. തീരുമാനിച്ചത്. ബികോമിന് ഗ്രേസ് മാർക്ക് ലഭിച്ചതുകൊണ്ടുമാത്രം പാസായ കെ.ജെ. ജിതിൻ പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ മെയിൻ ലിസ്റ്റിൽ പോലും ഇടം പിടിക്കാതെയിരുന്നയാളാണ്. കഴിഞ്ഞ സർക്കാർ പോകുന്നതിന് തൊട്ടുമുമ്പ് വളരെ ധൃതിപിടിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നിയമിക്കാൻ പി.എസ്.സി. ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

17,392 പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി 2025 സെപ്തംബർ 10 ആയിരുന്നു. എഴുത്തുപരീക്ഷ നടത്തിയത് 2025 ഡിസംബർ 31നും കായിക ക്ഷമതാ പരീക്ഷ മാർച്ച് 16 നുമായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ 2026 ഏപ്രിൽ 22ന് അഭിമുഖവും മെയ് ആറിന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത്രയേറെ തിടുക്കത്തിൽ ഈ നടപടികളെല്ലാം പൂർത്തിയാക്കിയത് ഇടതുസർക്കാരിന്റെ കാലാവധി കഴിയും മുമ്പ് ഇയാൾക്ക് നിയമനം നൽകണമെന്നുദ്ദേശിച്ചുകൊണ്ടാണെന്നും നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനം നൽ‌കുന്നത് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവുമാണെന്നും പരാതിയിൽ ആരോപിക്കുന്നു.