ഇവനൊന്നും പാട്ടുപാടാന്‍ വേറെ സ്ഥലമില്ലേ, ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്- വി.ഡി.സതീശൻ

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. എസ്.എഫ്.ഐ നേതാക്കള്‍ പിടിയിലായാല്‍ അതേക്കുറിച്ച് പറയണ്ടേ? ഇതു തന്നെയാണ് പൂക്കോടും കോട്ടയത്തും നടന്നത്. സംസ്ഥാനത്തിന്റെ വിവിധ കോളജുകളിലെ റാഗിങിന് കാരണം തന്നെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഡ്രസ് വാങ്ങാന്‍ പണം നല്‍കാത്തതാണ്. പല സ്ഥലങ്ങളിലും എസ്എഫ്‌ഐ നേതാക്കളാണ് ലഹരി കച്ചവടം നടത്തുന്നത്. അപ്പോള്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.
കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം പാടിയ നടപടിയെയും സതീശന്‍ വിമര്‍ശിച്ചു.കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്‌ഐയും സിപിഎമ്മുമൊക്കെ തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണിത്. അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം. ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാന്‍ പറയണം. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചതാണ് പ്രശ്നമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
കേരളത്തില്‍ മുഴുവന്‍ ലഹരി മരുന്നാണെന്ന് സര്‍ക്കാരും രണ്ടു മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോയെന്നും സതീശൻ ആരാഞ്ഞു. ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴുമാണോ അവര്‍ അറിയുന്നത്? 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നിട്ട് രണ്ടു വര്‍ഷവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഞ്ചും ആറും ഗ്രാമുമായി വരുന്നവനെയും പിടിച്ച് നടക്കുകയായിരുന്നു. മാഫിയകളുടെ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അവരെ കുറ്റപ്പെടുത്തുന്നത്. അതില്‍ മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? അവര്‍ കുറ്റവാളികളാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കൈരളി ടിവി പറഞ്ഞാല്‍ കെ.എസ്.യുക്കാരന്‍ പ്രതിയാകില്ല. ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷം അതിനെ രാഷ്ട്രീയവത്ക്കരിക്കും. പ്രതിപക്ഷത്തിന് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കാനാകില്ല. അത് നല്‍കുന്നത് അധികാരത്തില്‍ ഇരിക്കുന്നവരാണ്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി പിടിയിലാകുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
Content Highlights: VD Satheesan accuses SFI of drug trafficking in colleges