'മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത്'; ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും SFIയുടെ ബാനറുകൾ

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ പ്രതിഷേധം | ഫോട്ടോ: മാതൃഭൂമി
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ പ്രതിഷേധം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്തും എസ്.എഫ്.ഐയുടെ ബാനര്‍ പ്രതിഷേധം. മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത് എന്നുള്‍പ്പെടെ എഴുതിയ ബാനറുകളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ത്തിയത്. 

'മിസ്റ്റര്‍ ചാന്‍സലര്‍, സര്‍വ്വകലാശാലകളില്‍ വിഷവും പാന്‍പരാഗും തുപ്പരുത്. സി.പിയെ വെട്ടിയ നാടാണേ.!!' എന്നായിരുന്നു ഒരു ബാനർ. 

'ഹിറ്റ്‌ലര്‍ തോറ്റു, മുസോളിനി തോറ്റു, സര്‍ സി.പിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ് ഖാന്‍', ഇതായിരുന്നു എസ്.എഫ്.ഐ. ഉയര്‍ത്തിയ മറ്റൊരു ബാനര്‍. 

കറുത്ത നിറമുള്ള തുണികളിലാണ് എല്ലാ ബാനറുകളും. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രകടനമായി സര്‍വ്വകലാശാലാ ആസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ കവാടത്തില്‍ ബാനര്‍ കെട്ടി. 

ജില്ലയിലെ മറ്റു കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ന്നു. 

'മിസ്റ്റര്‍ ചാന്‍സലര്‍, കുമ്പിട്ട് നേടിയവര്‍ക്ക് നിവര്‍ന്ന് നിന്ന് പ്രതിഷേധിക്കുന്നവരെ കാണുമ്പോള്‍ ഭയമാണ്' എന്നാണ് തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ ഉയര്‍ന്ന ബാനര്‍.

'അടിയന്തരാവസ്ഥയെ ഭയന്നിട്ടില്ല, പിന്നെയാണോ ആരിഫ് ഖാനെ. SANGHI CHANCELLOR QUIT KERALA' എന്നാണ് പെരിങ്ങമ്മല ഇഖ്ബാല്‍ കോളേജിലെ എസ്.എഫ്.ഐക്കാര്‍ ബാനറിലെഴുതിയത്. 

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവർണർ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. 

Content Highlights: SFI banner protest against Kerala Governor Arif Mohammed Khan in Thiruvananthapuram.