കൊടുംചൂട് തീറ്റയില്ലാതാക്കി; കാട്ടുപോത്തിന് ചന്ദനമരം തീറ്റ, വനംവകുപ്പിന് വലിയ നഷ്ടം

മറയൂർ (ഇടുക്കി): മഴ മറയൂരിൽനിന്ന് മാറിനിന്നതിനാൽ ചന്ദനക്കാടുകളിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. തീറ്റയില്ലാതെ വലയുന്ന കാട്ടുപോത്തുകൾ ചന്ദനമരങ്ങൾ കുത്തിമറിച്ചിട്ട് ഇലകളും ചെറുകമ്പുകളും തിന്നുന്നു.
ചെറുതും വലുതുമായ നൂറുകണക്കിന് ചന്ദനമരങ്ങളാണ് മറയൂർ റേഞ്ചിലെ നാച്ചിവയൽ ചന്ദനറിസർവിൽ കാട്ടുപോത്തുകൾ മറിച്ചിട്ടത്. ചെറുമരങ്ങളാണ് കൂടുതലും.
പൂർണ വളർച്ചയെത്താത്ത ചന്ദനമരങ്ങൾ ലേലത്തിന് വെക്കാൻ കഴിയില്ല. വനംവകുപ്പിന് വലിയനഷ്ടമാണ് ഉണ്ടാകുന്നത്.
കനത്തചൂടിൽ അടിക്കാടുകൾ ഇല്ലാതായതോടെയാണ് കാട്ടുപോത്തുകൾ തീറ്റയ്ക്കായി ചന്ദനമരങ്ങളെ ആശ്രയിക്കുന്നത്.
മറയൂരിൽ മഴ ഇല്ലാതായിട്ട് മാസങ്ങളായി. വരൾച്ചയും കടുത്തചൂടുംമൂലം മണ്ണിലെ ഈർപ്പം വേഗം ഇല്ലാതാവും. വലിയമരങ്ങളെ അപേക്ഷിച്ച് വേരുകൾ ആഴത്തിലില്ലാത്ത അടിക്കാടുകളിലെ ചെറിയ ചെടികൾ ഉണങ്ങി നശിക്കുകയാണ്. അങ്ങിനെയാണ് അടിക്കാടുകൾ ഇല്ലാതായത്.
കാട്ടുതീയും അടിക്കാടുകളെ ഇല്ലാതാക്കുന്നുണ്ട്. അധിനിവേശസസ്യങ്ങളുടെ വ്യാപനവും പ്രശ്‌നമാണ്. വനത്തിൽ തീറ്റയില്ലാത്തതിനാൽ മറ്റ് മൃഗങ്ങളും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.
തീറ്റയില്ലാത്തത് പ്രശ്നം
വർഷംതോറും മൂന്നുമുതൽ അഞ്ചുശതമാനംവരെ ചന്ദനമരങ്ങൾ കാട്ടുപോത്ത് മറിച്ചിട്ടും ഉണങ്ങിയും കാറ്റത്ത് ഒടിഞ്ഞുവീണും നശിക്കാറുണ്ട്.
ഇത്തവണ മഴ പെയ്യാതെ വരൾച്ച കൂടുതലാണ്. ചന്ദനമരം നിത്യഹരിത ഇനത്തിൽപ്പെട്ടതാണ്. മറ്റ് തീറ്റ ലഭിക്കാതെവരുമ്പോൾ തൊലിയും ഇലയും തിന്നുവാനാണ് ചന്ദനമരം കാട്ടുപോത്ത് മറിച്ചിടുന്നത്.- അബ്ജു കെ. അരുൺ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, മറയൂർ
Content Highlights: Lack of rain and severe drought in Marayoor have destroyed undergrowth., Starving wild bison are pushing over and destroying hundreds of sandalwood trees., The forest department is suffering heavy financial losses as immature trees cannot be auctioned., Wild animals are increasingly straying into human habitations due to severe fodder scarcity.