പോലീസ് സ്റ്റേഷനിൽനിന്ന് ഏഴുചാക്ക് ഹാൻസ് മോഷണം പോയി, അറിഞ്ഞത് രണ്ടര മാസത്തിന് ശേഷം; ‘ഇൻസൈഡ് ജോബ്’ എന്ന് സംശയം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

സുൽത്താൻബത്തേരി: സ്വത്തിന് സംരക്ഷണം നൽകേണ്ട പോലീസിന്റെ കാവലിൽ കോടതി സൂക്ഷിക്കാനേൽപ്പിച്ച ഏഴുചാക്ക് പുകയില ഉത്പന്നങ്ങൾ മോഷണംപോയി. സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലാണ് തീക്കട്ടയിൽ ഉറുമ്പരിക്കുന്ന സംഭവം. സ്റ്റേഷൻ വളപ്പിലെ തന്നെ കെട്ടിടത്തിലെ പൂട്ടിയമുറിയിൽ സൂക്ഷിച്ചിരുന്ന ചാക്കുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ജൂൺ ഏഴിന് ബീനാച്ചി ദൊട്ടപ്പൻകുളത്ത് പള്ളിക്കണ്ടി സ്വദേശി ഇസ്ഹാഖ് താമസിച്ചിരുന്ന വീട്ടിൽനിന്ന് അലമാരയുടെ പിന്നിൽ രഹസ്യഅറയുണ്ടാക്കി ഏഴുചാക്കുകളിലായി സൂക്ഷിച്ച 12,000 പാക്കറ്റ് ഹാൻസും 1800 പാക്കറ്റ് കൂൾലിപ്പും പുറത്ത് കാറിൽ നിന്ന് ഒരുചാക്ക് പുകയില ഉത്പന്നവും പോലീസ് പിടിച്ചെടുത്തിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കിയ ഇവ സ്വീകരിച്ച കോടതി വീണ്ടും സൂക്ഷിക്കുന്നതിനായി പോലീസിനെ ഏൽപ്പിച്ചതായിരുന്നു. ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിൽതന്നെയുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്നാണ് ഏഴുചാക്കുകൾ മോഷണം പോയത്. പൂട്ടിയമുറിയുടെ താക്കോൽ അസി. സ്റ്റേഷൻ റൈട്ടറുടെ മേശവലിപ്പിലാണ് വെക്കാറുള്ളത്. ഇവിടെനിന്ന്‌ താക്കോൽ കൈവശപ്പെടുത്തി മുറിയുടെ പൂട്ടുതുറന്ന് അതിക്രമിച്ചുകയറി മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

വ്യാഴാഴ്ച വൈകീട്ട് നാലിന് സ്റ്റേഷൻ റൈട്ടറുടെ നേതൃത്വത്തിൽ ഈ മുറി വൃത്തിയാക്കാനായി തുറന്ന് പരിശോധിച്ചപ്പോളാണ് മുതലുകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്.എച്ച്.ഒ.യുടെയും മറ്റ് പോലീസുകാരുടെയും നേതൃത്വത്തിൽ സ്റ്റേഷനും മുറികളും പരിസരവും പരിശോധിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഇതേത്തുടർന്ന് എസ്.എച്ച്.ഒ.യുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പോലീസിനുള്ളിൽനിന്ന് സഹായമെന്ന് സംശയം

അതേസമയം 24 മണിക്കൂറും പോലീസുകാരും കാവലുമുള്ള സ്റ്റേഷനിൽനിന്ന് ഇത്രയും സാധനങ്ങൾ കടത്തിക്കൊണ്ടുപോയത് പോലീസിനുള്ളിലെ തന്നെ ആരുടെയെങ്കിലും സഹായത്തോടെയാകുമെന്ന സംശയവും ഉയരുന്നുണ്ട്. താക്കോലെടുത്ത് മുറി തുറന്നുകൊടുക്കാൻ സഹായമുണ്ടായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പുറത്തുനിന്ന് ഒരാളെത്തി ഇവ കടത്തിക്കൊണ്ടുപോകാനുള്ള സാധ്യത വിരളമാണെന്നും ആരോപണം ഉയരുന്നു.

പുകയില നിരോധന നിയമപ്രകാരമുള്ള കേസിലെ തൊണ്ടിമുതൽ പിന്നീട് കോടതി നിർദേശപ്രകാരം നശിപ്പിച്ചുകളയുന്നതുവരെ സ്റ്റേഷനിലാണ് സൂക്ഷിക്കാറുള്ളത്. മറ്റ് ഒട്ടേറെ കേസുകളിലെ തൊണ്ടിമുതലുകളും ഇവിടെയുണ്ടാകും. അത്രയും ഗൗരവത്തോടെ സാധനങ്ങൾ സൂക്ഷിക്കേണ്ട സ്ഥലത്തുനിന്നാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

രണ്ടരമാസത്തോളമായി സൂക്ഷിക്കുന്ന മുതലുകൾ നഷ്ടമായത് പോലീസ് അറിഞ്ഞത് ഇപ്പോളാണെന്നും ഗൗരവമേറ്റുന്നു. പോലീസ് സ്റ്റേഷനിൽ മിക്കവാറും ഭാഗങ്ങളിൽ സി.സി.ടി.വി.കളുണ്ടെങ്കിലും ഈ ഭാഗത്തേക്ക് കിട്ടില്ലെന്നാണ് വിവരം. ഈ കേസിലെ പ്രതിയായ ഇസ്ഹാഖ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Content Highlights: Seven bags of confiscated tobacco products, including Hans and Cool Lip kept under court custody, were stolen from a locked room at Sultan Bathery police station. Police launched an investigation into the theft.