കള്ളപ്പണം വെളുപ്പിക്കല്‍: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ ഇ.ഡി. പിടികൂടി

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കൊച്ചിയില്‍നിന്ന് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍വെച്ചാണ് അശോകിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍നിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയത്. അശോകിനെ ഉടന്‍തന്നെ ചെന്നൈയിലെത്തിക്കും.
സെന്തില്‍ ബാലാജിയുടെ എല്ലാ ഇടപാടുകളിലും പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് അശോക് കുമാര്‍ ആയിരുന്നു. അതിനാല്‍ത്തന്നെ കഴിഞ്ഞ ജൂണ്‍ 14-ന് സെന്തില്‍ ബാലാജിയെ അറസ്റ്റുചെയ്തത് മുതല്‍ അശോകിനുവേണ്ടിയും ഇ.ഡി. വലവിരിച്ചിരുന്നു. അഞ്ചുതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വിദേശത്താണെന്ന പേരിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയും അശോക് ഇ.ഡി.ക്കുമുന്നില്‍ ഹാജരാവുന്നതില്‍നിന്ന് വിട്ടുനിന്നു.
കഴിഞ്ഞദിവസം ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച 3,000 പേജുള്ള കുറ്റപത്രത്തില്‍ സെന്തില്‍ ബാലാജിക്കൊപ്പം അശോകിന്റെ പേരും ഇ.ഡി. പരാമർശിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇ.ഡി. നിലവില്‍ സെന്തില്‍ ബാലാജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. ഓഗസ്റ്റ് 26 വരെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. വീണ്ടും ഇ.ഡി. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടശേഷമായിരിക്കും ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുക.
രണ്ടു ദിവസം മുന്‍പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇടപാട് ഇ.ഡി. മരവിപ്പിച്ചിരുന്നു. അശോകിന്റെയും ഭാര്യയുടെയും പേരിലുള്ള പല ഭൂമിയിടപാടുകളും സെന്തില്‍ ബാലാജിക്കുവേണ്ടിയായിരുന്നു എന്നാണ് ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
Content Highlights: senthilbalajis brother ashok kumar held in kochi by ed