'എം.ടിക്കൊരു മരണാനന്തര സ്‌മൃതി എഴുതാതെ എം.ടിയുടെ പ്രിയപ്പെട്ട എഡിറ്ററും യാത്രയായി'

എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപർ വിട പറയുമ്പോൾ മലയാളി വായനക്കാരെയും എഴുത്തുകാരെയും ഒരു പോലെ സർഗാത്മകമായി സ്വാധീനിച്ച എഡിറ്ററുടെ വിടപറയൽ കൂടിയാണ്. എം.ടി യെ ഏറ്റവും ഇഷ്ടപ്പെട്ട എഡിറ്ററായിരുന്നു. എം.ടി യെപ്പറ്റി ഒരു ഓർമക്കുറിപ്പെഴുതാൻ ആ എഡിറ്ററെ മിക്കവാറും പത്രപ്രവർത്തകർ ഫോണിൽ വിളിച്ചിരുന്നു. ആ ഫോൺ നിശ്ശബ്ദമായിരുന്നു. എം.ടിക്കൊരു മരണാനന്തര സ്‌മൃതി എഴുതാതെ എം.ടിയുടെ പ്രിയപ്പെട്ട എഡിറ്ററും യാത്രയായി. 'രണ്ടാമൂഴം' ആ എഡിറ്ററുടെ കൂടി കണ്ടെത്തലാണ്.
വായനക്കാരും എഴുത്തുകാരും എഡിറ്റർ എന്ന ' ടോറ്റാലിറ്റി'യെ അറിഞ്ഞു തുടങ്ങുന്നത് എസ്. ജയചന്ദ്രൻ നായരിലൂടെയാണ്. പഴയ 'കലാകൗമുദി ' ലക്കങ്ങൾ അതിന് സാക്ഷ്യം പറയും. ലിറ്ററേച്ചർ എപ്പോഴും മുൻ നിരയിൽ തന്നെ നിന്നു. വലിയ എഴുത്തുകാരുടെ ബൃഹദ് ആഖ്യാനങ്ങൾ ആ പത്രാധിപരുടെ കൈയിലൂടെ കടന്നുപോയി. ഫീച്ചറെഴുത്തുകൾക്ക് അദ്ദേഹം പ്രധാന പരിഗണന നൽകി. പല പല മനുഷ്യരിലേക്കും അവരുടെ ഇരമ്പുന്ന ജീവിതങ്ങളിലേക്കും ആ പത്രാധിപരുടെ കാഴ്ച പതിഞ്ഞു. ആനുകാലികമായ നമ്മുടെ സാമ്പ്രദായിക ലിപി വിന്യാസത്തെയും ലേ ഔട്ടിനെയും ആ എഡിറ്റർ പുതുക്കി. നമ്പൂതിരിയുടെ വര , എം. കൃഷ്ണൻ നായരുടെ പംക്തി - വാക്കിലും വരയിലും ഓരോ ആഴ്ചയും തുടരാൻ വിരുന്നൊരുക്കിയ പത്രാധിപർ. വായനക്കാർക്ക് തുടർന്നു വായിക്കാൻ ഓരോ കാരണങ്ങൾ ആ എഡിറ്റർ എപ്പോഴും കണ്ടെത്താൻ ശ്രമിച്ചു.
അദ്ദേഹം മികച്ചൊരു വായനക്കാരൻ കൂടിയായിരുന്നു. പുസ്തകപ്പുഴു എന്നു പറയാവുന്ന വിധം നിരന്തരം വായിക്കുന്നയാൾ. എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം കാൽപനികമായ ഒരെഴുത്തിൻ്റെ ലോകമാണ് പ്രതിഫലിപ്പിച്ചത്. സ്നേഹപൂർവ്വം , എസ്.ജയചന്ദ്രൻ നായർ എന്ന കൈയ്യൊപ്പിട്ട കത്ത് മിക്കവാറും എഴുപത്, എൺപത് തലമുറയിലെ എഴുത്തുകാരുടെ കൈയിലുണ്ടാവും. സ്നേഹത്തിൻ്റെ ഒരു സാന്നിധ്യം കൂടിയായിരുന്നു ആ പത്രാധിപർ. കാൽപനികമായ സ്വപ്നങ്ങൾ കണ്ട ശുഭ്രവസ്ത്രധാരി.
വ്യക്തിപരമായി അദ്ദേഹം നൽകിയ സർഗാത്മക പിന്തുണ വളരെ വലുതായിരുന്നു. മാടായിലേക്കും കണ്ണൂരേക്കും ബാംഗ്ലൂരിൽ നിന്നുള്ള രാത്രി ബസ്സുകളിൽ അദ്ദേഹം പല തവണ വന്നു. അദ്ദേഹം കൈയിൽ കരുതിയിരുന്ന ചെറിയ ബ്ലൂ നിറത്തിലുള്ള ബ്രീഫ് കെയ്സിൽ പുസ്തകങ്ങളായിരുന്നു കൂടുതലും. ശരിക്കും പറഞ്ഞാൽ ഒരു പുസ്തക മനുഷ്യനോടൊപ്പമുള്ള നിമിഷങ്ങൾ.
Content Highlights: senior editor writer s jayachandran nair literature contributions