വിഇഒയുടെ തട്ടിപ്പ്: സീതത്തോട് പഞ്ചായത്തിലെ ലൈഫ്‌ പദ്ധതി താറുമാറാകുന്നു; ആശങ്കയിൽ ഗുണഭോക്താക്കൾ

#ന്യൂസ് ഡെസ്ക്
തട്ടിപ്പിൽ അറസ്റ്റിലായ എം.ആർ. റാണി ലക്ഷ്മി
തട്ടിപ്പിൽ അറസ്റ്റിലായ എം.ആർ. റാണി ലക്ഷ്മി

പത്തനംതിട്ട: വി.ഇ.ഒ. യുടെ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് സീതത്തോട് പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി അവതാളത്തിലേക്ക്. ജില്ലയിൽ ഏറ്റവും കൂടുതൽ ലൈഫ്‌ വീടുകൾ നൽകി എന്നാണ് പഞ്ചായത്ത് ഭരണസമിതി അവകാശപ്പെട്ടിരുന്നത്. വി.ഇ.ഒ.യുടെ തട്ടിപ്പ് പുറത്തുവന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ മറവിൽ വൻ ക്രമക്കേട് നടത്തിയിട്ടുള്ളതായും ആക്ഷേപം ഉയർന്നിരിക്കുകയാണ്.

അർഹതപ്പെട്ട ഒട്ടേറെ ഗുണഭോക്താക്കൾ അടുത്ത ഗഡു പണത്തിനായി ഓടി നടക്കുമ്പോൾ ചില ഗുണഭോക്താക്കൾക്ക് വീട് നിർമാണഘട്ടം പരിശോധിക്കാതെ തന്നെ തുക നൽകിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി നിർമാണം ഏറ്റെടുത്ത ചില കരാറുകാരും വി.ഇ.ഒ. അടക്കമുള്ള ചില ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ടാണ് ഇത്തരത്തിൽ പണം വിതരണം ചെയ്യാൻ കാരണമായിട്ടുള്ളതെന്നും ആരോപണമുയർന്നു.

ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളിൽ മിക്കവരും ഉണ്ടായിരുന്ന ചെറുവീടുകൾ പൊളിച്ചുനീക്കി വാടകവീട്ടിലേക്കും താത്കാലിക ഷെഡ്ഡുകളിലേക്കും മാറിയിരുന്നു. ഇവരുടെയെല്ലാം തുടർജോലികൾ എങ്ങനെ പൂർത്തിയാക്കുമെന്നാതാണിപ്പോൾ ചോദ്യമായിരിക്കുന്നത്. മിക്കവർക്കും സർക്കാർ സഹായം ലഭിക്കാതെ തുടർ പണികൾ നടത്താൻ സാമ്പത്തികശേഷിയില്ലാത്തവരാണ്. പലരും പഞ്ചായത്തിന്റെ പണം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ പലിശയ്ക്കും കടമെടുത്തുമൊക്കെ പണി നടത്തിയിട്ടുണ്ട്. ഇവർക്ക് കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാനും തുടർപണികൾ നടത്താനും പറ്റാത്ത അവസ്ഥയാണ്.

പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി സംബന്ധിച്ച് വ്യാപകമായ പരാതികളാണിപ്പോൾ ഉയരുന്നത്. ഭൂമി വാങ്ങി വീടുവെച്ച് നൽകുന്ന പദ്ധതിയിലെല്ലാം വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് വി.ഇ.ഒ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവരിൽനിന്ന് പണമൊന്നും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. തട്ടിച്ചെടുത്ത പണം ഇവർ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. പണം എത്തിയ അക്കൗണ്ട് ഉടമകളും കേസിൽ പ്രതികളാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഭർത്താവും അമ്മയും അടുത്ത സുഹൃത്തുക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

അന്വേഷണം വേണമെന്ന് കോൺഗ്രസ്

സീതത്തോട്: പഞ്ചായത്തിൽനിന്ന് ഭവനപദ്ധതി ഗുണഭോക്താക്കളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ വി.ഇ.ഒ., ലൈഫ് ഭവന പദ്ധതിക്കുവേണ്ടി ഭൂമി വാങ്ങിയതുൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. ഗവി നിവാസികൾക്ക് ഭവനപദ്ധതിക്കായി ബിനാമി ഇടപാടുകളിലൂടെ ഭൂമി വാങ്ങി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും വിജിലൻസിനും സംസ്ഥാന പോലീസ് മേധാവിക്കും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകി. മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായരുടെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ, മാത്യൂകല്ലേത്ത്, ചിറ്റാർ വസന്ത്, ഷമീർ തടത്തിൽ, രാജു കലപ്പമണ്ണിൽ, ജോസ് പുരയിടം, ഷീനാപ്രകാശ്, ഷീജാസത്താർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ടി.കെ. സലീം, ഉദയഭാനു, പ്രസാദ് കോട്ടക്കുഴി, അബ്ദുൾ റസാഖ്, ബാബുഖാൻ, ജിനുരാജ് എന്നിവർ നേതൃത്വം നൽകി.

Content Highlights: VEO embezzled around 70 lakh rupees meant for the Life Mission housing project in Seethathode Panchayat., Beneficiaries who demolished their old houses are now stranded in rented homes and temporary sheds without funds., Congress committee staged a protest march demanding a thorough vigilance and police probe into the benami land purchase transactions.