അകത്തുകടക്കാനുള്ള കർശന നിയന്ത്രണങ്ങൾ അയഞ്ഞു; സന്ദർശകത്തിരക്കിലമർന്ന് സെക്രട്ടേറിയറ്റ്

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സ്ഥാനമേറ്റ മന്ത്രിമാരെയും കാണാൻ സെക്രട്ടേറിയറ്റിലേക്ക് സന്ദർശകപ്രവാഹം. പ്രവേശന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ നിരവധി സംഘടനാ നേതാക്കളും പ്രവർത്തകരും അനുമോദനവുമായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സെക്രട്ടേറിയറ്റിലെ സന്ദർശകത്തിരക്ക്. നോർത്ത് ബ്ലോക്കിന്റെ മൂന്നാംനിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശകബാഹുല്യമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനുമതിയില്ലാതെ ആരെയും സെക്രട്ടേറിയറ്റിനുള്ളിലേക്കു കടത്തിവിട്ടിരുന്നില്ല. മാധ്യമപ്രവർത്തകർക്കുപോലും കർശന നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതോടെ ഇതിൽ കാതലായ മാറ്റംവന്നിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഇനിയും തിരക്കുകൂടും.

സമരഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ് തുറന്നതോടെ നാലുവഴിയും സന്ദർശകർ ഉള്ളിലേക്കു കടക്കുന്നുണ്ട്. കഴിഞ്ഞദിവസംവരെ ഈ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുൻ യു.ഡി.എഫ്. സർക്കാരിന്റെ സമയത്ത് പ്രതിഷേധം വരുമ്പോൾ മാത്രമാണ് അടച്ചിട്ടിരുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ സന്ദർശകർക്കായി പ്രത്യേക സജ്ജീകരണമുണ്ടായിരുന്നു. ഓഫീസിലേക്കുള്ള തിരക്ക് കുറയ്ക്കാനും സൗകര്യപ്രദമായി സന്ദർശകരെ കാണുന്നതിനുമായി മുഖ്യമന്ത്രി സന്ദർശകകേന്ദ്രത്തിലേക്ക് എത്തിയിരുന്നു. പിണറായി സർക്കാർ വന്നതോടെ ഇത് നിർത്തി. സെക്രട്ടേറിയറ്റ് പരിസരം അതിസുരക്ഷാമേഖലയാക്കി വിജ്ഞാപനമിറക്കി.

Content Highlights: Easing of entry restrictions at the Kerala Secretariat., Significant increase in visitor footfall to meet CM VD Satheesan., Reopening of the North Gate (Samaragate) for public access., Shift in administrative policy compared to the previous Pinarayi government., Adoor Gopalakrishnan visits CM VD Satheesan.