അനന്തു പ്രധാനമന്ത്രിയെ കണ്ടത് ആനന്ദകുമാറിനൊപ്പം, സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റുമായി അടുത്ത ബന്ധം

അനന്തു കൃഷ്ണന്‍/  അനന്തു കൃഷ്ണനും ആനന്ദകുമാറും | Photo: facebook/ ananthu krishnan
അനന്തു കൃഷ്ണന്‍/ അനന്തു കൃഷ്ണനും ആനന്ദകുമാറും | Photo: facebook/ ananthu krishnan

കൊച്ചി: സ്‌കൂട്ടര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റുമായി അടുത്ത ബന്ധം. സത്യസായ് ഓര്‍ഫനേജ് കോര്‍ഡിനേറ്റര്‍ എന്ന പദവി ഉപയോഗിച്ചാണ് അനന്തുകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ആ കൂടിക്കാഴ്ച്ചയില്‍ സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറും കൂടെയുണ്ടായിരുന്നു. 

2024 ഫെബ്രുവരിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ കാണാനുള്ള പ്രത്യേക പാസിന്റെ ചിത്രം അനന്തുകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതില്‍ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ദേശീയ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ ആനന്ദകുമാറും സെക്രട്ടറി അനന്തുകൃഷ്ണനുമായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് സംഘടന മുന്നോട്ടുകൊണ്ടുപോയിരുന്നത്. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അനന്തുവിനേയും ആനന്ദകുമാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പല സ്ഥലങ്ങളിലും നടന്ന സ്‌കൂട്ടര്‍ വിതരണത്തില്‍ ആനന്ദകുമാര്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ താനും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ആനന്ദകുമാര്‍ പ്രതികരിച്ചത്. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണെന്നും ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവെച്ചതെന്നും ആനന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ആനന്ദകുമാര്‍ മറുപടി നല്‍കിയില്ല. സംഘടനയില്‍ നിന്ന് സ്ഥാനമൊഴിയുക മാത്രമാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നും ആനന്ദകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ലാലി വിന്‍സെന്റ് തള്ളിയിരുന്നു. കേസിലെ ഏഴാം പ്രതിയാണ് ലാലി.

അതേസമയം ആനന്ദകുമാറിനെതിരെ റിട്ട.ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരും രംഗത്തെത്തിയിരുന്നു. ആനന്ദകുമാറാണ് എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായി തന്നെ നിയമിച്ചതെന്നും തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം ഇങ്ങനെ ചെയ്തതെന്നും രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. സംഘടന പിരിവ് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ആനന്ദകുമാര്‍ കള്ളമാണ് പറയുന്നതെന്ന് കരുതിയില്ലെന്നും രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. 

Content Highlights: scooter scheme scam case ananthu krishnan and ananda kumar involvement