കാടിറങ്ങിയ മ്ലാവ് കിണറ്റില്‍ വീണു; രക്ഷപ്പെടുത്തിയത് നാലുമണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവില്‍

എരുമേലി: ശബരിമല വനത്തില്‍നിന്ന് നാട്ടിലിറങ്ങിയ മ്ലാവ് വക്കുകെട്ടാത്ത കിണറ്റില്‍ വീണു. 15 അടിയോളം താഴ്ചയുള്ള കിണറിന്റെ ഒരുഭാഗം ഇടിച്ച് വഴിവെട്ടിയാണ് മ്ലാവിനെ കിണറ്റില്ന്ന് കരകയ്ക്കു കയറ്റിയത്. തുടർന്ന് മ്ലാവ് വനത്തിലേക്ക് മറഞ്ഞു. ശബരിമല വനത്തിന്റെ അതിര്‍ത്തിയിലെ ജനവാസകേന്ദ്രമായ എഴുകുമണ്‍ പ്രദേശത്ത് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീഴ്ചയില്‍ മൃഗത്തിന്റെ പുറത്തും വാലിലും ചെറിയ പരിക്കുകള്‍ ഉള്ളതായി വനപാലകര്‍ പറഞ്ഞു. ആരോഗ്യമുള്ള ആൺ മ്ലാവാണ് കിണറ്റിൽ വീണത്.
എഴുകുമണ്‍ താഴോപടിക്കല് എബ്രഹാം മാത്യുവിന്റെ കൃഷിയിടത്തില്‍ സംരക്ഷണ മതില് ഇല്ലാത്ത, ഉപയോഗശൂന്യമായ കിണറ്റിലാണ് മ്ലാവ് വീണത്. 15 അടിയോളം താഴ്ചയുണ്ട് കിണറിന്. കിണറിനുള്ളില്‍നിന്ന് മൃഗത്തിന്റെ ശബ്ദം കേട്ടെത്തിയ അയല്‍വാസിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും ആര്.ആര്.ടി. അംഗങ്ങളും സ്ഥലത്തെത്തി മൃഗത്തെ കരയിലേക്കെത്തിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല..
തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഏണി ഇറക്കിയും വലയിട്ടും കയറ്റാന്‍ നോക്കിയെങ്കിലും, മൃഗം ആക്രമണ സ്വഭാവത്തിലായതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ കിണറിന്റെ വക്കിടിച്ച് ആഴം കുറച്ച് കിണറ്റില്‍നിന്ന് പറമ്പിലേക്ക് വഴിവെട്ടിയപ്പോള്‍ മ്ലാവ് കരയിലേക്ക് കയറി വനത്തിലേക്ക് ഓടി മറയുകയായിരുന്നു. രക്ഷപെടുത്തല്‍ ശ്രമം നാലുമണിക്കൂര്‍ നീണ്ടു.
വനപാലകരായ സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ സുഗന്ധി, നയന വിശ്വന്, സി.പി. സുധീഷ്, കെ.സി. സുദര്ശന്, അഗ്നിരക്ഷാ സേനാംഗങ്ങളായ പി.എന്‍. നൗഫല്‍, ടി.വി. റെജിമോന്, വി. രാഹുല്‍, ബിന്‍സ് രാജ്, എസ്.യു. അനു, കെ.എസ്. സുരേഷ്, ഇ.ഡി.സി. അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
Content Highlights: Sambar deer fell into the well, Erumeli