ചർച്ചകളിൽ നിന്ന് പിന്മാറാൻ പോലീസ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തു- സജി നന്ത്യാട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാന്‍ കേരള പോലീസ് തനിക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സംവിധായകനും മൂന്നു നടിമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ കള്ളക്കേസാണിതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
“ഇത് കള്ളക്കേസ് ഉണ്ടാക്കിയെടുത്തു. ഒരു സംവിധായകനും മൂന്നു നടിമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന്. ആ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പറയണം നിങ്ങള്‍. നമ്മള്‍ നല്‍കുന്ന കോടാനുകോടി നികുതി ഇതിനായി ചെലവഴിച്ചു. കള്ളക്കേസുണ്ടാക്കി എട്ടര വര്‍ഷം ഒരു നടന്റെ ജീവിതം കളഞ്ഞു.”
കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇതുസംബന്ധിച്ച് പരാതി കൊടുക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സജി നന്ത്യാട്ട് തയ്യാറായില്ല. മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
“പള്‍സര്‍ സുനിക്ക് ദിലീപ് പൈസ കൊടുത്തതിന്റെ ഒരു രേഖ ഹാജരാക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് പറ്റിയോ? പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ പരിചയമുണ്ടെന്ന് എസ്റ്റാബ്ലിഷ് ചെയ്യാന്‍ പറ്റിയില്ലല്ലോ പോലീസിന്? കാരണം ഇത് കള്ളക്കേസാണ്. ഇത് അയാളെ തീര്‍ക്കാന്‍ വേണ്ടി ഫ്രെയിം ചെയ്തതാണ്. ഇത് ദിലീപിനെതിരേയും നടിക്കെതിരേയുമുള്ള ഗൂഢാലോചനയാണ്.”
“ഒരാളെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസിന് അധികം സമയം വേണ്ടെന്നും തന്നോട് അഞ്ചുലക്ഷം രൂപ തരാമെന്ന് പോലീസ് പറഞ്ഞെന്നും സജി നന്ത്യാട്ട് പറഞ്ഞു. 2017-18 സമയത്ത് ഞാന്‍ ഫിലിം ചേമ്പറില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ മൂന്ന് നാലുപേര്‍ കൂടെ വരാന്‍ പറഞ്ഞു. ചാനലില്‍ ചര്‍ച്ചയ്ക്ക് വരുന്ന എന്റെ ബന്ധുവായ എസ്പിയുമുണ്ടായിരുന്നു. അബാദ് പ്ലാസയില്‍ കൊണ്ടുപോയി ചര്‍ച്ചയ്ക്ക് പങ്കെടുക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുമെന്ന് പറഞ്ഞു അതോടെ പൈസ തരാമെന്ന് പറഞ്ഞു. റോയ് മാമന്‍ എന്ന ക്രിമിനോളജിസ്റ്റ് ഇത് ഷൂട്ട് ചെയ്തു. എന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. അവസാനം എന്റെ ബന്ധുവായ മന്ത്രി വിളിച്ചുപറഞ്ഞതിന് ശേഷമാണ് ഞാന്‍ ഫ്രീയായത്.”- സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തു.
Content Highlights: saji nanthiyattu bribe allegation kerala police