ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; യുവാവിന്റെ പരാതിയിൽ കോഴിക്കോട് സാഗർ റെസ്റ്ററന്റിന് നോട്ടീസ്, നടപടി

#ന്യൂസ് ഡെസ്ക്
ചിക്കൻ ബിരിയാണിയിൽ കണ്ടെത്തിയ കോഴിത്തൂവൽ, സാഗർ റെസ്റ്ററന്റ്
ചിക്കൻ ബിരിയാണിയിൽ കണ്ടെത്തിയ കോഴിത്തൂവൽ, സാഗർ റെസ്റ്ററന്റ്

കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ റെനീഷ് എന്ന യുവാവിന്റെ പരാതിയിലാണ് കോർപ്പറേഷൻ, റെസ്റ്ററന്റിന് നോട്ടീസ് അയച്ചത്. സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞദിവസമാണ് റെനീഷ് സാഗർ ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. തുടർന്ന് ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് ഇറച്ചിയിൽ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ റെനീഷ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും റെസ്റ്ററന്റ് അധികൃതരോട് വിവരം പറയുകയും ചെയ്തു. എന്നാൽ 'ഇതൊരു വലിയ സംഭവമാക്കേണ്ട' എന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്കരിക്കുകയാണ് ഹോട്ടൽ അധികൃതർ ചെയ്തതെന്ന് റെനീഷ് പറഞ്ഞു.

'നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്‌തോളൂ' എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞതോടെ റെനീഷ് ബിരിയാണിയുമായി ഹോട്ടലിന്റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാല് മണിക്കൂറോളമാണ് അദ്ദേഹം ഹോട്ടലിന്റെ വാതിൽപ്പടിയിൽ ബിരിയാണിയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

തെറ്റ് തങ്ങളുടെ ഭാഗത്തായതിനാൽ റെനീഷിനോട് മാപ്പ് പറഞ്ഞുവെന്നും കാര്യങ്ങൾ വിശദീകരിച്ചുവെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ റെനീഷ് ഹോട്ടലിന്റെ വാതിൽക്കലിരുന്ന് മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. സാഗർ ഹോട്ടലിലേക്ക് ചിക്കൻ വാങ്ങുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Content Highlights: Kozhikode Corporation health department issued a notice to Sagar Hotel near Arayidathupalam following a complaint by a customer who found a chicken feather in his chicken biryani and staged a four-hour protest.