ശബരിമല യുവതി പ്രവേശനം: സിപിഎം നിലപാടിൽ മാറ്റമില്ല- എം.വി. ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
എം.വി. ഗോവിന്ദൻ | Photo: Mathrubhumi
എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങൾ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാരങ്ങൾ സംരക്ഷിക്കപ്പേടേണ്ടതാണ്. സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി നിലപാടിൽ നിലവിൽ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് ആവശ്യമായ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം.

കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളിൽ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നുള്ള കാര്യം നേരിട്ട് വരുന്നില്ലെന്നും ഇത് എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണെന്നും ഗോവിന്ദൻ പറഞ്ഞു. ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതരും വിദഗ്ധരുമായി ചർച്ച നടത്തി വേണം നിലപാട് സ്വീകരിക്കാൻ. എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. ആചാര സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള തീരുമാനങ്ങൾക്കായി ഫലപ്രദമായ ചർച്ചകൾ ആവശ്യമാണെന്ന പൊതുവായ നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: CPM State Secretary MV Govindan confirms the party's consistent stance on the Sabarimala women entry issue.