ശബരിമല സ്വര്‍ണപ്പാളി; കണ്ണുവെച്ചത് രണ്ടുകിലോഗ്രാം സ്വർണം, പോറ്റിയുടെ 'സഹായ'ങ്ങളുടെ സ്‌പോണ്‍സര്‍മാരെ തേടി വിജിലന്‍സ്‌

ശബരിമല |  ഫോട്ടോ: മാതൃഭൂമി
ശബരിമല | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി സ്പോൺസറായി അവതരിച്ച് നടപ്പാക്കിയ കാര്യങ്ങളിൽ പലതിനും പണം മുടക്കിയത് മറ്റുള്ളവർ. ഇതിന്റെ വിശദാംശങ്ങളും പോറ്റി ശബരിമലയിൽ നൽകിയ സംഭാവനകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു.

ദേവസ്വം ബോർഡിനെ പറ്റിച്ച് പാളികളിൽനിന്ന് രണ്ടുകിലോ സ്വർണം കൈവശപ്പെടുത്താമെന്ന്‌ ലക്ഷ്യമിട്ടാണ് തകിടുകൾ അറ്റകുറ്റപ്പണി നടത്തി പുതുക്കിത്തരാമെന്നുപറഞ്ഞ് ബോർഡിനെ സമീപിച്ചതെന്നാണ് വിജിലൻസ് നിഗമനം.

സ്പോൺസറായി നടത്തിയ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്നും യഥാർഥ സ്പോൺസറെ കണ്ടെത്തണമെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേടായ വാതിൽമാറ്റി പുതിയത് നിർമിച്ച് സ്വർണംപൂശിയത് പോറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. യഥാർഥ സ്പോൺസർ കർണാടക ബല്ലാരി സ്വദേശിയായ ബിസിനസുകാരൻ ഗോവർധനനായിരുന്നു.

ശ്രീകോവിലിന്റെ കട്ടിളയിൽപ്പൊതിഞ്ഞ ചെമ്പുപാളികളിൽ സ്വർണംപൂശി നൽകി. ഇതിന്‌ പണംചെലവിട്ടത് മലയാളിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ അജികുമാർ.

ഇക്കൊല്ലം ജനുവരിയിൽ അന്നദാനം, പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം, 2017-ൽ ക്ഷേത്രാലങ്കാരം, പടിപൂജ, ഉദയാസ്തമയപൂജ, മേളം തുടങ്ങിയ വഴിപാടുകൾ നടത്തി. പതിനെട്ടാംപടിക്കു ഇരുവശവുമായി മണിമണ്ഡപങ്ങളും മണികളും നിർമിച്ചു. അന്നദാനമണ്ഡപത്തിന് ലിഫ്റ്റ് പണിയാൻ 10 ലക്ഷം രൂപയും ഇക്കൊല്ലം ജനുവരിയിൽ അന്നദാനത്തിന് ആറുലക്ഷവും മകരവിളക്കിന് സംഭാവനായി 10 ലക്ഷവും 2017-ൽ 8.2 ലക്ഷം രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും നൽകി. പല ‘സഹായ’ത്തിന്റെയും യഥാർഥ സ്പോൺസർ വേറെ ആരൊക്കെയോ ആണ്.

പോറ്റിക്ക്‌ സ്ഥിരവരുമാനമില്ല

2017 മുതൽ 2025 വരെയുള്ള ആദായനികുതി റിട്ടേൺ പരിശോധിച്ചതിൽ വ്യാപാരം വഴിയോ മറ്റേതെങ്കിലും വഴിയോ പോറ്റിക്ക്‌ സ്ഥിരവരുമാനം ഉണ്ടെന്നു കണ്ടെത്താനായില്ല. ഇക്കൊല്ലം കാമാക്ഷി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ (സോഷ്യൽ ആൻഡ് കമ്യൂണിറ്റി സർവീസ്) പേരിൽ 10.85 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ട്.