ശബരിമല സ്‌പോട്ട് ബുക്കിങ്; പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കമായി

പത്തനംതിട്ട: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കമായി. കളക്ടറേറ്റിനുമുന്നില്‍ ശബരിമല അയ്യപ്പസേവാ സമാജം ധര്‍ണ നടത്തി. ഹൈന്ദവസമൂഹത്തിന്റെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഇത് രാഷ്ട്രീയചിന്തയായി കാണുന്നതാണ് പ്രശ്‌നമെന്നും, ധര്‍ണ ഉദ്ഘാടനംചെയ്ത സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. 2018-നുമുന്‍പ് ഒരുകോടിയിലേറെ തീര്‍ഥാടകര്‍ ഒരു പ്രശ്‌നവുമില്ലാതെ വന്നിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശനം നടത്താന്‍ ആദ്യം അക്ഷയ സെന്ററില്‍ കാണിക്കയിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ഡി.പദ്മകുമാര്‍ അധ്യക്ഷനായി.
സ്പോട്ട് ബുക്കിങ് വേണം -ബിനോയ് വിശ്വം
കൊച്ചി: ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരമുണ്ടാകണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്‌പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകണം. ഇല്ലെങ്കില്‍ വിശ്വാസത്തിന്റെപേരില്‍ ഒരു സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ബി.ജെ.പി.യും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കും.
സ്പോട്ട് ബുക്കിങ് നിര്‍ത്തുന്നതില്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗവും സി.പി.ഐ. പ്രതിനിധിയുമായ എ.അജികുമാര്‍ അറിയിച്ചു.
അലങ്കോലമാക്കരുത് -വി.ഡി. സതീശന്‍
തിരുവനന്തപുരം: സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും തീര്‍ഥാടനം അലങ്കോലമാക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വംമന്ത്രിക്കും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ കത്ത്. കഴിഞ്ഞവര്‍ഷം 90,000 പേരെയും സ്‌പോട്ട് ബുക്കിങ്ങിലൂടെ 15,000 പേരെയും അനുവദിച്ചിട്ടും ഒട്ടേറെപ്പേര്‍ക്ക് ദര്‍ശനംകിട്ടിയില്ല. ഓണ്‍ലൈന്‍ മാത്രമാക്കുന്നത് ഗുരുതരപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.
Content Highlights: sabarimala spot booking protest