ശബരിമല: തിരക്കേറിയാൽ കൂടുതൽ സ്പെഷ്യൽ ട്രെയിൻ, ഇതിനോടകം 148-സർവീസുകൾ നടത്താൻ ധാരണ- സുരേഷ് ഗോപി

കോട്ടയം: ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്താൻ കോട്ടയം റെയിൽവേസ്റ്റേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീർഥാടനകാലത്ത് 180-സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇത്തവണ തിരക്ക് വിലയിരുത്തിയശേഷം കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കും. ഇതിനോടകം 148-സർവീസുകൾ നടത്താൻ ധാരണയായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കോട്ടയം സ്റ്റേഷനിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസ് രണ്ടാംകവാടം കേന്ദ്രീകരിച്ച് നടത്തുന്നകാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ഈ വർഷം കൂടുതൽ തീർഥാടകരെത്താൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരമാണ് സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലുള്ള വികസനപ്രവർത്തനങ്ങൾ റെയിൽവേ രണ്ടുമാസം മുമ്പേ ആരംഭിച്ചു. കഴിഞ്ഞതവണ ലഭിച്ചതിൽ കൂടുതൽ സൗകര്യം ഇത്തവണ ഉറപ്പാക്കും. ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളും സന്ദർശിക്കും. ശബരിമലയിലേക്ക് തീർഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽപാതകൾ ഏതാണോ അതുണ്ടാകുമെന്നും അങ്കമാലി-ശബരി റെയിൽ പാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേരളത്തിൽ എയിംസ് വരുമെന്നും വരരുതെന്ന് ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, ബി.ജെ.പി. കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ജി. ലിജിൻലാൽ, റബ്ബർ ബോർഡ് ചെയർമാൻ എൻ.ഹരി, മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ ,ജില്ലാ ജനറൽസെക്രട്ടറിമാരായ എസ്. രതീഷ് ,ലാൽകൃഷ്ണ, കോട്ടയം മണ്ഡലം അധ്യക്ഷൻ വി.പി. മുകേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Content Highlights: Union Minister Suresh Gopi inspected Kottayam railway station for Sabarimala pilgrimage preparations., 148 special train services are already agreed upon, with potential for more based on passenger rush., KSRTC services from Kottayam station's second entrance are being considered., Development works started two months in advance to ensure better facilities than last year.