ശബരിമല തീർഥാടനം; എല്ലാ സൗകര്യവും വേണം, പക്ഷേ ഫണ്ടില്ല; വരും എന്ന് പറയുന്നതല്ലാതെ വന്നിട്ടില്ല

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്നവർക്ക് യാത്രയ്ക്കിടെ വിരിവെക്കുന്നതിനും പ്രാഥമികാവശ്യം നിർവഹിക്കുന്നതിനും സൗകര്യമൊരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ. ഇതിനാകട്ടെ, പണം നൽകിയിട്ടുമില്ല. തനതുഫണ്ടിൽനിന്ന് ചെലവിട്ടതിന്റെ മുൻവർഷങ്ങളിലെ കുടിശ്ശികയും കിട്ടാത്തവരുണ്ട്.
ശബരിമല സ്ഥിതിചെയ്യുന്ന പെരുനാട് പഞ്ചായത്തിലും ഏറ്റവുമധികം ഭക്തരെത്തുന്ന സ്ഥലങ്ങളിലൊന്നായ എരുമേലി പഞ്ചായത്തിലും മകരജ്യോതി ദർശിക്കാൻ കഴിയുന്ന പരുന്തുംപാറ പീരുമേട് പഞ്ചായത്തിലും പന്തളത്തും വണ്ടിപ്പെരിയാറിലും ഇതുതന്നെയാണ് സ്ഥിതി. മറ്റിടങ്ങളിലെ കാര്യവും വ്യത്യസ്തമല്ല.
വിശ്രമകേന്ദ്രങ്ങൾ ഒരുക്കുക, കുടിവെള്ളസൗകര്യം ഉറപ്പാക്കുക, വഴിവിളക്കുകൾ ഇടുക, ശുചീകരണം നടത്തുക, കുളിക്കടവുകളിലുംമറ്റും ലൈഫ്ഗാർഡുകളെ നിയമിക്കുക തുടങ്ങിയ ജോലികളാണ് തദ്ദേശസ്ഥാപനങ്ങൾ ചെയ്യേണ്ടത്. പെരുനാട് പഞ്ചായത്തിൽ കഴിഞ്ഞവർഷം അനുവദിച്ചത് 35 ലക്ഷം. ഒന്നാംഗഡുവായി 15 ലക്ഷം കിട്ടി. പഞ്ചായത്ത് അഡ്വാൻസായി 20 ലക്ഷം കൂടി ചെലവഴിച്ചു. പിന്നീട് 20 ലക്ഷം കൂടി അനുവദിച്ചെങ്കിലും പഞ്ചായത്ത് ചെലവഴിച്ച പണം ട്രഷറിവഴി തിരിച്ചുകിട്ടാൻ സാങ്കേതിക തടസ്സമുണ്ട്. ഈവർഷം ആവശ്യപ്പെട്ടത് ഒരുകോടിയാണെങ്കിലും ഒന്നുംകിട്ടിയില്ല. തിരുവാഭരണ ഘോഷയാത്രാപാത വൃത്തിയാക്കൽ, വെളിച്ചം ഒരുക്കൽ എന്നിവയെല്ലാം ചെയ്യേണ്ടത് പെരുനാട് പഞ്ചായത്താണ്.
തനതുഫണ്ട് ഉപയോഗിച്ചാണ് എരുമേലിയിൽ പഞ്ചായത്തിന്റെ ക്രമീകരണം നടത്തുന്നത്. ഇക്കുറി 70 ലക്ഷത്തിൽപ്പരം രൂപയാണ് വിനിയോഗിക്കുന്നത്. ഫണ്ട് വരും എന്ന് പറയുന്നതല്ലാതെ വന്നിട്ടില്ല. രണ്ട് വർഷത്തെ സീസൺ ക്രമീകരണത്തിനായി 1.37 കോടിരൂപ കിട്ടാനുണ്ട്.
പീരുമേട് പഞ്ചായത്തിൽ കഴിഞ്ഞവർഷം ചെലവഴിച്ച തുക 3.69 ലക്ഷം രൂപ കിട്ടി. തനത് ഫണ്ടുപയോഗിച്ച് ഒരുക്കങ്ങൾ നടത്തുകയാണ്. മകരജ്യോതിയോടനുബന്ധിച്ച് പരുന്തുംപാറയിലെ ഒരുക്കങ്ങളും നടത്തണം. ആകെ 21 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്തളം നഗരസഭയിൽ മൂന്നു തീർഥാടനകാലങ്ങളിൽ ചെലവഴിച്ച 54,04,246 രൂപ കിട്ടാനുണ്ട്. വണ്ടിപ്പെരിയാർ പഞ്ചായത്തിന് കഴിഞ്ഞവർഷം അനുവദിച്ചത് ഏഴരലക്ഷം. ചെലവായത് 11.5 ലക്ഷം. തനതുഫണ്ടിൽനിന്നാണ് ബാക്കി ചെലവിട്ടത്. ഇതു തിരിച്ചുകിട്ടിയില്ല. കുമളി പഞ്ചായത്തിൽ കഴിഞ്ഞതവണ അനുവദിച്ചത് 9.43 ലക്ഷമാണ്. ചെലവായത് 20 ലക്ഷത്തോളം. അവിടെയും തനതുഫണ്ടാണ് ഉപയോഗിച്ചത്. ഇതും തിരിച്ചുകിട്ടിയില്ല.
റാന്നി പഞ്ചായത്തിൽ മുമ്പൊക്കെ അഞ്ചുലക്ഷം അനുവദിക്കുമായിരുന്നു. കഴിഞ്ഞവർഷം അനുവദിച്ചത് ഒരുലക്ഷം മാത്രം. പഴവങ്ങാടി പഞ്ചായത്തിന് 2.20 ലക്ഷം രൂപ ലഭിച്ചു. ഇക്കുറി 6.70 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അനുമതിക്കായി അയച്ചിട്ടുള്ളത്.
അങ്ങാടി ഗ്രാമപ്പഞ്ചായത്തിൽ 2.34 ലക്ഷം അനുവദിച്ചു. ഇക്കുറി എട്ടുലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Local bodies face severe financial strain due to unpaid dues for Sabarimala pilgrim arrangements from previous years., Panchayats like Perunad, Erumely, Peerumedu, and Pandalam municipality spent money from their own funds without receiving promised government reimbursements., Essential services such as drinking water, lighting, sanitation, and rest areas are compromised due to fund shortages.