ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവ്, വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ എത്തുന്നില്ല; അന്വേഷിക്കാൻ പോലീസ്

#ന്യൂസ് ഡെസ്ക്
ഞായറാഴ്ച്ച രാത്രി ശബരിമലയിൽ അത്താഴപൂജ നടക്കുമ്പോൾ ദർശനത്തിനായി കത്തുനിൽക്കുന്ന അയ്യപ്പന്മാർ | ചിത്രം: സുധീർ മോഹൻ / മാതൃഭൂമി
ഞായറാഴ്ച്ച രാത്രി ശബരിമലയിൽ അത്താഴപൂജ നടക്കുമ്പോൾ ദർശനത്തിനായി കത്തുനിൽക്കുന്ന അയ്യപ്പന്മാർ | ചിത്രം: സുധീർ മോഹൻ / മാതൃഭൂമി

പമ്പ: ശബരിമല തീർഥാടനം തുടങ്ങി ആറുദിവസം പിന്നിടുമ്പോഴും ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതോടെ വിഷയം അന്വേഷിക്കാൻ പോലീസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ ഇത്തവണ പകുതിയോളം കുറവാണ് ഉണ്ടായിരിക്കുന്നത്. മാതൃഭൂമി ന്യൂസ് നേരത്തേ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് പമ്പ പോലീസ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താനൊരുങ്ങുന്നത്. വെർച്വൽ ക്യൂ വഴി സ്ലോട്ട് ബുക്ക് ചെയ്തവർ എന്തുകൊണ്ടാണ് എത്താതിരിക്കുന്നത് എന്നാണ് പമ്പ പോലീസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി ബുക്കിങ് നടത്തിയവരുടെ പൂർണ്ണ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് നൽകി.

ശബരിമല നട തുറന്ന ശേഷമുള്ള ആദ്യ ആറു ദിവസങ്ങളിൽ 1,07,071 ഭക്തർ മാത്രമാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,05,015 ആളുകൾ ദർശനം നടത്തിയിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനത്തിന്റെ വലിയ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ മാസം വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമായും തീർന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ സ്ലോട്ടുകൾ ഫുൾ ആണെന്ന് കാണിക്കുമ്പോഴും ആളുകൾ എത്തുന്നില്ല എന്നത് വലിയ ചോദ്യമാണ് ഉയർത്തുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിരവധി ഭക്തർക്ക് ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും സ്ലോട്ടുകൾ ലഭിക്കാത്തതിനാൽ വരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ബുക്ക് ചെയ്ത ആളുകൾ വരാതിരുന്നതിന്റെ പിന്നിലെ കാരണം കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വ്യാപാരികളോ ഏജൻസികളോ ബൾക്കായി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ബുക്ക് ചെയ്ത് വരാതിരുന്നവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ, അവർ ഒരേ സ്ഥലത്തുള്ളവരാണോ, ഏതു സമയത്താണ് ബുക്കിങ് നടത്തിയത് തുടങ്ങിയ വിവരങ്ങൾ പോലീസ് വിശദമായി ശേഖരിക്കും. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയായിരിക്കും പോലീസിന്റെ തുടരന്വേഷണം നടക്കുക. മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് എത്തിയവരുടെ ശതമാനവും ഇത്തവണത്തെ നിരക്കും പോലീസ് താരതമ്യം ചെയ്യും. കൂടാതെ കഴിഞ്ഞ തവണ കൂടുതലായിരുന്ന സ്‌പോട്ട് ബുക്കിങ് കണക്കുകളും ഇത്തവണത്തെ സാഹചര്യവും തമ്മിൽ പോലീസ് താരതമ്യ പഠനം നടത്തും.

തീർഥാടകരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞത് ശബരിമലയിലെ അപ്പം, അരവണ വിൽപ്പനയെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ആവശ്യപ്പെട്ട വിവരങ്ങൾ വേഗത്തിൽ നൽകുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. പ്രശ്‌നത്തിന് പരിഹാരമായി നവംബർ 30 വരെ 5,000 അധിക സ്ലോട്ടുകൾ അനുവദിക്കാൻ ആദ്യഘട്ടത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ ദിവസവും 1,000 സ്ലോട്ടുകൾ വീതം വിവിധ സമയങ്ങളിൽ തുറന്നു നൽകുന്ന ക്രമീകരണവും താൽക്കാലികമായി ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊരു ശാശ്വത പരിഹാരമല്ല.

Content Highlights: Pamba police initiated a probe into a 47% drop in Sabarimala pilgrim arrivals during the first six days despite full virtual queue slots, requesting booking data from the Devaswom Board to check for bulk agency bookings.