പമ്പ സർക്കാർ ആശുപത്രിയിൽ മുറിവ് കെട്ടിയ തുണിക്കൊപ്പം സർജിക്കൽ ബ്ലേഡ്

ശബരിമല: പമ്പ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവുണ്ടായെന്ന ആരോപണവുമായി ശബരിമല തീർഥാടക. കാലിലെ മുറിവ് കെട്ടിയപ്പോൾ അതിനൊപ്പം സർജിക്കൽ ബ്ലേഡും കുടുങ്ങിയെന്നാണ് ആക്ഷേപം. നെടുമ്പാശ്ശേരി മൂഴിക്കൽശാല ശ്രീലകം വീട്ടിൽ പ്രീതാ ബാലചന്ദ്രൻ (55)ആണ് പരാതിക്കാരി.
പരാതി ലഭിച്ചതായും പരിശോധിച്ചുവരുന്നതായും പത്തനംതിട്ട ഡിഎംഒ അറിയിച്ചു. ജനുവരി 15-നാണ് സംഭവം. തിരുവാഭണത്തിനൊപ്പം ഇവർ കാൽനടയായി പന്തളത്തുനിന്ന് സഞ്ചരിച്ചിരുന്നു. 14-ന് അയിരൂർ എത്തിയപ്പോൾ ഇടത് കാൽപ്പാദത്തിൽ രണ്ട് കുമിളകൾ ഉണ്ടായി. നടക്കാൻ വിഷമം വന്നതോടെ ബസിൽ പമ്പയ്ക്ക് പോയി. പമ്പ സർക്കാർ ആശുപത്രിയിൽ കയറി മുറിവ് ഡ്രസ് ചെയ്തു. 15-ന് മടക്കത്തിൽ വീണ്ടും പമ്പ ആശുപത്രിയിൽ കയറി. പുലർച്ചെയായിരുന്നു ഇത്. ഡോക്ടറെ കാണിച്ചപ്പോൾ വീണ്ടും ഡ്രസ് ചെയ്യാൻ പറഞ്ഞു. നഴ്സുമാർ ഇല്ലായിരുന്നുവെന്നും നഴ്സിങ് അസിസ്റ്റന്റാണ് വന്നതെന്നും ഇവർ പറയുന്നു. ജീവനക്കാരൻ കുമിള പൊട്ടിച്ചു. അപ്പോൾ വലിയ വേദനയുണ്ടായി. തുടർന്ന് ഡ്രസിങ്ങിന് ശ്രമിച്ചപ്പോൾ ശരിയായല്ലെന്ന് തോന്നി. ഇതോടെ അത്യാവശ്യം ചികിത്സ ചെയ്ത് വിടാൻ ആവശ്യപ്പെട്ടു. ഇയാൾ മുറിവിൽ ഒായിന്റ്മെന്റ് പുരട്ടി തുണി ചുറ്റിക്കെട്ടി. പിറ്റേന്ന് വലിയ വേദനയുണ്ടായി. തുറന്ന് നോക്കിയപ്പോൾ കെട്ടിനുള്ളിൽ സർജിക്കൽ ബ്ലേഡും കണ്ടെത്തി. തുണി മുറിക്കാൻ വെച്ചിരുന്ന ബ്ലേഡ് തുണി ഒട്ടിക്കുന്ന പ്ലാസ്റ്ററിനോട് ഒട്ടിപ്പോയത് ശ്രദ്ധയിൽപ്പെടാതെ പോയതാകാം എന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം.
Content Highlights: A Sabarimala pilgrim alleges a surgical blade was accidentally left in her wound after treatment at Pamba Government Hospital. Read the full story.