പമ്പയിൽ തുണിമാലിന്യം നാലിലൊന്നായി കുറഞ്ഞു; പിഴയും ബോധവത്കരണവും ഫലിച്ചു, ഇനി വെല്ലുവിളി പൂമാലിന്യം

പത്തനംതിട്ട: ശബരിമലതീർഥാടകർ പമ്പയിൽ തുണിമാലിന്യം ഉപേക്ഷിക്കുന്നതിനെതിരേയുള്ള നടപടി ഫലംകാണുന്നു. ദിവസേന പമ്പയിൽനിന്ന് ശേഖരിക്കുന്ന തുണിമാലിന്യത്തിന്റെ അളവ് ഒരുലോഡായി കുറഞ്ഞു. നാലിലൊന്നാണ് കുറവുവന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ഇത് ദിവസേന 4-5 ലോഡുവരെയായിരുന്നു.
നനഞ്ഞ തുണിയായതിനാൽ ഒരുലോഡ് നാലുടണ്ണോളം വരും. ഇത് ഉണക്കിയെടുക്കുമ്പോൾ മൂന്നുടണ്ണോളമാകും. ബോധവത്കരണം, 5000 രൂപ പിഴയീടാക്കാനുള്ള തീരുമാനം എന്നിവയാണ് നേട്ടമായത്. ഭക്തരുടെ കുറവും കാരണമാകാമെങ്കിലും, മാലിന്യത്തിൽ ഇത്രത്തോളം കുറവുവന്നത് നടപടി കർശനമാക്കിയതുമൂലമാണ്.
പമ്പയിലിറങ്ങുന്ന ഭക്തരോട്, പുഴയിൽ തുണി ഇടരുതെന്ന് ഉപദേശിക്കുന്നുണ്ട്. എന്നാലും, ചെയ്യുന്നവരെ തിരുത്തുകയാണ് ഇനിയുള്ള ജോലി. ഫലംകണ്ടുതുടങ്ങിയതിനാൽ പിഴയീടാക്കേണ്ട സാഹചര്യം വന്നില്ലെന്ന്, ശബരിമല എ.ഡി.എം. ദിലീപ് സി. കൈനിക്കര പറഞ്ഞു.
ബോധവത്കരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലകാലം തുടങ്ങിയശേഷം പമ്പയിൽനിന്ന് ഇതുവരെ കിട്ടിയ തുണിമാലിന്യം 45 ടണ്ണോളമാണെന്ന് ക്ലീൻ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ്കുമാർ പറഞ്ഞു. ഇപ്പോഴത്തെനിലയിൽ തുടർന്നാൽ, അടുത്തവർഷം തുണിമാലിന്യം പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഈ വിഷയത്തിൽ തുടരെ വാർത്തകൾ നൽകിയിരുന്നു.
സന്നിധാനത്തിന്റെ പിൻഭാഗങ്ങളിൽ മുൻകാലങ്ങളിലെ വിവിധതരം മാലിന്യം കിടപ്പുണ്ട്. പ്ലാസ്റ്റിക്, ലോഹമാലിന്യം തുടങ്ങിയവയാണ് കൂടുതൽ. മണ്ഡലകാലം തുടങ്ങുംമുൻപ് 30 ടണ്ണോളം നീക്കിയിരുന്നു. ബാക്കിവന്നതാണ് ഇനിയുള്ളത്. ഇത് തരംതിരിക്കുന്നുണ്ടെങ്കിലും, സീസൺ തുടങ്ങിയതിനാൽ ഇപ്പോഴിവ താഴെയെത്തിക്കാനാകില്ല. തീർഥാടനകാലം കഴിഞ്ഞ് പൂർണമായി നീക്കും. ദിവസേനയുള്ള മാലിന്യമീക്കം വേറെ നടക്കുന്നുണ്ട്.
പൂമാലിന്യമാണ് ഇപ്പോഴുള്ള തലവേദന. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതാണിവ. അത്തരത്തിലുള്ള പല നടപടികളും പ്രഖ്യാപിച്ചിരുന്നെങ്കിലും, നടപ്പായിട്ടില്ല.
പൂക്കൾ ഇൻസിനറേറ്ററിൽ കത്തിക്കാൻ പാടില്ല. ചന്ദനത്തിരി, പേപ്പർ എന്നിവയാക്കാൻ പറ്റുന്നതാണ് പൂക്കൾ. ഇത് ബ്രാൻഡ് ചെയ്യുകയുമാകാമെന്ന്, ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Daily cloth waste in Pampa reduced from 4-5 loads to just 1 load., Strict awareness campaigns and the threat of a 5000 rupees fine led to the positive change.