2040 വരെ 705 ബുക്കിങ്, 1,37,900 രൂപ നിരക്ക്; ശബരിമലയിൽ ദിവസം അഞ്ചുവീതം പടിപൂജ

കൊച്ചി: ശബരിമലയിൽ ദിവസം അഞ്ചുവീതം പടിപൂജ നടത്താൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. പടിപൂജയ്ക്ക് ബുക്ക് ചെയ്തവരുടെ പേരുകൾ ഡിജിറ്റൈസ്ചെയ്യുമെന്നും ജീവിച്ചിരിപ്പില്ലാത്തവരുടെ പേരുകൾ ഒഴിവാക്കുമെന്നും വിശദീകരിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
നിലവിൽ ബുക്ക്ചെയ്ത പടിപൂജ പൂർത്തിയാക്കിയശേഷമേ പുതിയ ബുക്കിങ് സ്വീകരിക്കൂവെന്ന് ബോർഡ് നേരത്തേ അറിയിച്ചിരുന്നു. 2040 വരെ 705 പേരാണ് ബുക്ക് ചെയ്തത്. 1,37,900 രൂപയാണ് നിരക്ക്. മണ്ഡല-മകരവിളക്ക് സമയത്ത് പടിപൂജയില്ല. കൊപ്രക്കളത്തിന് സമീപത്തെ പെറ്റിഷോപ്പ് ഉടൻ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു. ചാലക്കയം-പമ്പ റോഡ് പുനരുദ്ധാരണത്തിന് 15 കോടി അനുവദിച്ചതായി ബോർഡ് അറിയിച്ചു.
അന്നദാനമണ്ഡപനിർമ്മാണം പൂർത്തിയായെങ്കിലും ഇനിയും ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ഇതിന്റെ കാരണം അറിയിക്കാനും കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി.
Content Highlights: The Travancore Devaswom Board informed the Kerala High Court that five Padi Poojas will be conducted daily at Sabarimala, with plans to digitise booking records and clear the backlog up to 2040.