അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി പിണറായിയേയും ചോദ്യം ചെയ്യണം- പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ | Photo: Biju Paravath, Mathrubhumi | മുഖ്യമന്ത്രി പിണറായി വിജയൻ | Photo: Sreekesh S, Mathrubhumi
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ | Photo: Biju Paravath, Mathrubhumi | മുഖ്യമന്ത്രി പിണറായി വിജയൻ | Photo: Sreekesh S, Mathrubhumi

കൊച്ചി: ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

'പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂർ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കിൽ പിണറായി വിജയനും പ്രതിയാകണമല്ലോ. അദ്ദേഹത്തെ എസ്.ഐ.ടി ചോദ്യം ചെയ്യണമല്ലോ. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് കൂടുതൽ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവർത്തകരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ചേർന്ന് അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങൾ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ പിണറായി വിജയനെയും ചോദ്യം ചെയ്യണം. സ്വർണം കട്ടതിൽ നാണംകെട്ട് നിൽക്കുന്നത് ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വർണം കട്ടത് സി.പി.എമ്മാണ്. അതിൽ മാറ്റാരെയും അവർ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സി.പി.എം നേതാക്കളാണ് സ്വർണം കട്ടതിന് ജയിലിൽ കിടക്കുന്നത്' സതീശൻ പറഞ്ഞു.

ആരോപണം ഉന്നയിച്ച് 84 ദിവസമായിട്ടും കീറ കടലാസ് പോലും താൻ കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കോടതിയിൽ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആൾക്ക് സിവിൽ കോടതിയിലെ നടപടിക്രമങ്ങൾ അറിയില്ലേ? ഇഷ്ടമുള്ളപ്പോൾ തെളിവ് ഹാജരാക്കാനാകില്ല. ആവശ്യപ്പെടുമ്പോൾ ഹാജരാക്കും. ഒന്നും പറയാനില്ലാത്തോണ്ട് വിളിച്ച് കൂവുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോൾ മാനം പത്ത് ലക്ഷമായി ചുരുക്കിയതെന്നും സതീശൻ പരിഹസിച്ചു.

ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് 2019 മുതൽ ശബരിമലയിൽ നടത്തിയ കളവിന്റെ പരമ്പരകൾ പുറത്തുവന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവർ അടിച്ചു മാറ്റിയേനെ. മോഷണ പരമ്പരയിൽ ഇവർക്കെല്ലാം പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ വിദ്വേഷ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'കലാപം ഉണ്ടാക്കാൻ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വർഗീയതയാണ് പറയുന്നത്. സംഘ്പരിവാർ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എല്ലാ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. മുഖ്യമന്ത്രിയുടെ കാറിൽ കയറി നടക്കുന്നവരാണ് വർഗീയ പ്രചരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കേരളത്തിൽ വർഗീയ പ്രചരണം നടത്താൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ നാവായാണ് മറ്റു ചിലർ ഇതൊക്കെ പറയുന്നത്. കേരളത്തിൽ വിദ്വേഷത്തിന്റെ കാമ്പയിൻ നടത്താനാണ് ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വർഗീയത പറഞ്ഞ സി.പി.എം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭൂരിപക്ഷ വർഗീയത പറഞ്ഞു. എന്നാൽ എല്ലാം തിരിച്ചടിച്ചു. ഇപ്പോൾ ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത സ്ഥിതിയായി' സതീശൻ പറഞ്ഞു.

Content Highlights: Sabarimala Gold Theft: Opposition Demands CM Vijayan's Questioning Amidst Controversy