കൂട്ടുനിൽക്കൽ, പങ്കുപറ്റൽ, പോറ്റി ബന്ധം; കുറ്റപത്രത്തിൽ വന്നാൽ പത്മകുമാർ കുടുങ്ങും

#ജി. രാജേഷ് കുമാർ
എ. പത്മകുമാർ
എ. പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം വരുമ്പോൾ അതിൽ പത്മകുമാറിന്റെ പേരിലുള്ള കുറ്റത്തിന്റെ സ്വഭാവം ശ്രദ്ധാകേന്ദ്രമാകും. ഈ കുറ്റപത്രം സി.പി.എമ്മിന്റെകൂടി വിഷയമാകുന്നതിനാലാണിത്. പത്മകുമാറിന്റെ പേരിൽ ഗുരുതരമായ കുറ്റങ്ങളാണുള്ളതെങ്കിൽ മതി അടുത്ത നടപടി എന്നാണ് സസ്പെൻഷൻ തീരുമാനിച്ച ജില്ലാക്കമ്മിറ്റിയുടെ നിലപാട്. ഗുരുതരമാണെങ്കിൽ പത്മകുമാറിനോട് പാർട്ടി വിശദീകരണം ചോദിക്കും. പത്മകുമാർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടി തീരുമാനിക്കുക. ഗുരുതരമായ കുറ്റമാണെങ്കിൽ പുറത്താക്കലായിരിക്കുമോ, എന്ന ചോദ്യത്തിന് സംശയമെന്താ എന്നായിരുന്നു തിങ്കളാഴ്ച ജില്ലാക്കമ്മിറ്റി യോഗത്തിനുശേഷം ജില്ലാസെക്രട്ടറി രാജു എബ്രഹാമിന്റെ മറുചോദ്യം.

പത്മകുമാറിന്റെ പേരിൽ ഗുരുതര കുറ്റം വരണമെങ്കിൽ ചില ഘടകങ്ങൾ എസ്.ഐ.ടി.ക്ക് തെളിയിക്കേണ്ടതുണ്ട്. കൊള്ളയ്ക്ക് കൂട്ടുനിന്നു എന്ന് തെളിയിക്കുന്നതാണ് പ്രധാനം. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ തുടങ്ങിയ പ്രധാന പ്രതികളുമായുള്ള ബന്ധമാണ് തെളിയേണ്ടത്. പത്മകുമാറും ആദ്യ പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്ന മൊഴികളുണ്ടാകണം. അതുണ്ടോ എന്ന കാര്യത്തിൽ എസ്.ഐ.ടി. കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടുകളിലില്ല.

കൊള്ളമുതലിന്റെ പങ്ക് പത്മകുമാറിന് കിട്ടിയിട്ടുണ്ടോ എന്ന കാര്യവും കുറ്റപത്രത്തിൽവന്നാൽ സ്ഥിതിമാറും. നാലുമാസം മുമ്പ് ഇദ്ദേഹത്തിന്റെ വീട്ടിൽ ഇ.ഡി.യും എസ്.ഐ.ടി.യും നടത്തിയ റെയ്ഡുകളാണ് തെളിവാകേണ്ടത്. ഈ രണ്ട് ഏജൻസികളും പത്മകുമാറിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ മുഴുവൻ ശേഖരിച്ചിട്ടുണ്ട്. കനറാ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകളുള്ളത്. ഇവിടങ്ങളിൽ വായ്പകളുണ്ടെന്ന വിവരമാണ് കിട്ടിയത്. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നുമില്ല.

ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ സ്വർണം പൂശുന്നതിന്റെ ഭാഗമായി വന്ന ബോർഡ് യോഗത്തിന്റെ പരിഗണനയിലേക്ക് വന്ന കുറിപ്പിലാണ് പത്മകുമാർ പിത്തള എന്നത് വെട്ടി ചെമ്പുപാളികൾ എന്നാക്കിയിരിക്കുന്നത്. 2019 മാർച്ച് 19-ലേതാണ് ഈ കുറിപ്പ്.

ഇത് എഴുതിയത് താനല്ലെന്ന വാർത്തകൾ ഈയിടെ പത്മകുമാറിന്റെ അടുത്ത കേന്ദ്രങ്ങളിലൂടെ പുറത്തുവന്നിരുന്നു. എസ്.ഐ.ടി. നടത്തിയ കൈയക്ഷര പരിശോധനയിലെ കണ്ടെത്തൽ എന്താണെന്ന് പുറത്തുവന്നിട്ടില്ല.

കൈയക്ഷര പരിശോധനയിൽ പത്മകുമാറിന്റേതാണെന്ന് തെളിഞ്ഞാൽ അത് ഭരണപരമായ വീഴ്ചയായിട്ടാകും കണക്കാക്കുക എന്നാണ് വിവരം. കൊള്ള നടത്താനായി വെട്ടിത്തിരുത്തൽ വരുത്തി എന്ന് എസ്.ഐ.ടി. തെളിയിച്ചാൽ കാര്യങ്ങൾ ഗൗരവമുള്ളതാകും.

Content Highlights: CPM district committee to decide on Padmakumar's future based on chargesheet severity., Investigation focuses on links between Padmakumar and key accused like Unnikrishnan Potti., Financial scrutiny of bank accounts by ED and SIT is ongoing., Handwriting analysis of board note regarding gold plating remains a critical piece of evidence., Potential for disciplinary action ranging from explanation demands to expulsion.